സോച്ചി:  റഷ്യന്‍ ലോകകപ്പില്‍ ആതിഥേയരുടെ യാത്ര ക്വാര്‍ട്ടറില്‍ അവസാനിച്ചിരിക്കുന്നു. ഷൂട്ടൗട്ടില്‍ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്രൊയേഷ്യ നാല് കിക്കുകള്‍ വലയിലെത്തിച്ചപ്പോള്‍ റഷ്യക്ക് മൂന്നെണ്ണമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളു. സ്വീഡനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി.

1998ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിഫൈനല്‍ കളിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരേയും ക്രൊയേഷ്യ ഷൂട്ടൗട്ട് അതിജീവിച്ചിരുന്നു, . രണ്ട് ഷൂട്ടൗട്ടിലും നിര്‍ണായകമായ അവസാന കിക്കെടുത്തത് റാക്കിറ്റിച്ചായിരുന്നു. രണ്ടും സമ്മര്‍ദം അതിജീവിച്ച് ബാഴ്‌സലോണ താരം വലയിലെത്തിച്ചു.

ബ്രോസോവിച്ച്, മോഡ്രിച്ച്, വിദ,റാക്കിറ്റിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ കൊവാസിച്ചിന്റെ കിക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. സഗയോവ്, ഇഗ്നാസേവെച്ച്, കുസ്യാവേ എന്നിവരാണ് റഷ്യക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ ആദ്യ കിക്കെടുത്ത സ്‌മോളോവിനും മൂന്നാം കിക്കെടുത്ത ഫെര്‍ണാണ്ടസിനും പിഴച്ചു.

ആദ്യ പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളില്‍ സമനില പാലിച്ച് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നത്. 31-ാം മിനിറ്റില്‍ റഷ്യക്കായി ചെറിഷേവും 39-ാം മിനിറ്റില്‍ ക്രൊയേഷ്യക്കായി ക്രാമറിച്ചുമാണ് ഗോളുകള്‍ നേടിയത്. 90-ാം മിനിറ്റ് വരെ ഈ ഗോളുകള്‍ക്കപ്പുറം ഇരുടീമുകള്‍ പോകാന്‍ കഴിഞ്ഞില്ല.

ഗോളിയെ പോലും കാഴ്ചക്കാരനാക്കിക്കൊണ്ടുള്ളതായിരുന്ന ഗോളിലേക്കുള്ള ചെറിഷേവിന്റെ ഷോട്ട്‌.  ലോകകപ്പ് ഫുട്ബോളിന്റെ അവസാന ക്വാർട്ടർഫൈനലിൽ ഇതോടെ റഷ്യ മുന്നിലെത്തി. മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ഗോൾ.

മധ്യനിരയിൽനിന്ന് ആകാശത്ത് നിന്ന് പൊട്ടിവീണതു പോലെ കിട്ടിയ പന്ത് സ്യൂബയും ചെറിഷേവും പരസ്പരം കൈമാറി ക്രൊയേഷ്യൻ പ്രതിരോധത്തെ നെടുകെ പിളർന്നു. ഒടുവിൽ ചെറിഷേവ് ബോക്സിന്റെ മുകളറ്റത്ത് നിന്ന് ഓർക്കാപ്പുറത്തൊരു കരിയില കിക്ക്. പന്ത് പുറത്തേയ്ക്കാണെന്ന് ധരിച്ച് ഗോളി കാഴ്ചക്കാരനായി നിൽക്കുന്നു. ഏതോ ഒരു ശക്തി പിടിച്ചുവലിച്ചതു പോലെ പന്ത് പറന്നുവന്ന് വലയിൽ. റഷ്യ മുന്നിൽ.

എന്നാൽ, എട്ട് മിനിറ്റിനുള്ളിൽ തന്നെ റഷ്യയെ ഞെട്ടിച്ച് ക്രൊയേഷ്യ ഒപ്പമെത്തി. റഷ്യൻ പ്രതിരോധത്തെ ഭേദിച്ച് ഇടതു പാർശ്വത്തിലൂടെ മുന്നേറി മാൻസൂകിച്ച് നൽകിയ ക്രോസിന് പോസ്റ്റിന് മുന്നിൽ നിന്ന് തലവയ്ക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ക്രാമറിച്ചിന്. 39-ാം മിനിറ്റിൽ മത്സരം വീണ്ടും ഒപ്പത്തിനൊപ്പം. 

പിന്നീട് എക്‌സ്ട്രാ ടൈമില്‍ ക്രൊയേഷ്യ വീണ്ടും ലീഡെടുത്തു. 101-ാം മിനിറ്റില്‍ ദോമാഗോജ് വിദയിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. എന്നാല്‍  115-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിലൂടെ റഷ്യ തിരിച്ചടിച്ചു.  കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയാണ് വിദയുടെ ഗോള്‍ പിറന്നതെങ്കില്‍ ഫ്രീകിക്കിലൂടെയുള്ള മറ്റൊരു ഹെഡറിലൂടെയാണ് ഫെര്‍ണാണ്ടസ് ആതിഥേയര്‍ക്ക് സമനില ഗോള്‍ നേടികൊടുത്തത്. 

മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS