മെക്‌സിക്കന്‍ സിറ്റി: ലോകകപ്പ് ഫുട്‌ബോളിന്‌ രണ്ട് ആഴ്ച മാത്രം ബാക്കി നില്‍ക്കെ മെക്‌സിക്കന്‍ താരങ്ങളെ വേട്ടയാടി ലൈംഗിക വിവാദം. ലോകകപ്പിനായി താരങ്ങള്‍ റഷ്യയിലേക്ക് യാത്രം തിരിക്കും മുമ്പ് നടത്തിയ പാര്‍ട്ടിയില്‍ മുപ്പതോളം ലൈംഗിക തൊഴിലാളികൾ പങ്കെടുത്തതാണ് വിവാദമായത്.

സ്‌കോട്‌ലണ്ടുമായി നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിലെ വിജയ ശേഷമായിരുന്നു പാര്‍ട്ടി. മെക്‌സിക്കന്‍ ലോകകപ്പ് സ്‌ക്വാഡിലെ ഒമ്പത് അംഗങ്ങള്‍ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പാർട്ടിയില്‍  ലൈംഗിക തൊഴിലാളികൾക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മെക്‌സിക്കന്‍ മാസികയായ ടി.വി.നോട്ടാസ് ആണ് ചിത്രങ്ങളും വാര്‍ത്തയും ആദ്യം പുറത്തുവിട്ടത്.  താരങ്ങള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്ത് വരുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്‌.

കളിക്കാര്‍ അനുമതിയോട് കൂടിയല്ല പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും അവര്‍ക്ക് ഒഴിവുള്ള സമയത്താണ് പോയതെന്നും മെക്‌സിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ പ്രതികരിച്ചു.  ഇക്കാരണത്താല്‍ കളിക്കാരെ ശിക്ഷിക്കില്ല. കാരണം അവര്‍ പരിശീലനം മുടക്കിയിട്ടില്ലെന്നും മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗുള്ളിര്‍മൊ കാണ്ഡു പറഞ്ഞു.

2011-ല്‍ കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് വേളയില്‍ മെകിസിക്കന്‍ താരങ്ങളുടെ താമസിക്കുന്ന ഹോട്ടലില്‍ ലൈംഗിക തൊഴിലാളികൾ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മെക്‌സിക്കന്‍ സിറ്റിക്ക് സമീപമുള്ള ലാസ് ലാമോസിലാണ് ശനിയാഴ്ച പാര്‍ട്ടി സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് ഇങ്ങോട്ടേക്കെത്തിയ താരങ്ങള്‍ ഞായറാഴ്ച വൈകീട്ടാണ് തിരിച്ച് പോയതെന്നും മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോസ് ആഞ്ചല്‍സ് ഗാലക്‌സിയിലെ താരങ്ങളായ ജിയോവനി ഡോസ് സാന്റോസ് സഹോദരന്‍ ജൊനാഥന്‍ എന്നിവരക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.