മോസ്‌കോ: ഈ ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തില്‍ കടുത്ത പോരാട്ടത്തില്‍ പോയന്റ് പങ്കിട്ട സ്‌പെയിനും പോര്‍ച്ചുഗലും രണ്ടാം മത്സരത്തിന് ബുധനാഴ്ച ഇറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ ബുധനാഴ്ച വൈകീട്ട് മൊറോക്കോയെയും സ്‌പെയിന്‍ രാത്രി 11.30-ന് ഇറാനെയും നേരിടും.

മുന്‍ ലോകജേതാക്കളായ സ്‌പെയിനിനും നിലവിലെ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനും ജയം ഒരുപോലെ പ്രധാനമാണ്. കാരണം, ആദ്യ മത്സരത്തില്‍ ഇരുവരും 3-3 സമനിലയില്‍പിരിഞ്ഞ് ഓരോ പോയന്റുകള്‍ നേടി. ബുധനാഴ്ച തോറ്റാല്‍ നോക്കൗട്ട് സാധ്യതകളെ ബാധിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അപാര ഫോംതന്നെയാണ് പോര്‍ച്ചുഗലിന്റെ ശക്തി. തോറ്റെന്നു കരുതിയ കളിയില്‍ കളിതീരാന്‍ മിനിറ്റുകള്‍മാത്രം ശേഷിക്കേ ക്രിസ്റ്റ്യാനോ നേടിയ വണ്ടര്‍ ഗോളിലാണ് അവര്‍ സ്‌പെയിനിനെ സമനിലയില്‍ തളച്ചത്. സ്‌പെയിനാകട്ടെ, നന്നായി കളിച്ചെങ്കിലും പോയന്റ് പങ്കിടേണ്ടിവന്നു.

മറ്റു രണ്ടു ടീമുകളായ ഇറാനും മൊറോക്കോയും ഏറെക്കുറെ തുല്യശക്തികളാണ്. ആദ്യ മത്സരത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ സെല്‍ഫ് ഗോള്‍ ഇറാന് ആശ്വാസമായി. മൂന്നുപോയന്റ് ബമ്പറടിച്ച ഇറാന്‍ ഇപ്പോള്‍ പട്ടികയില്‍ മുന്നില്‍നില്‍ക്കുന്നു.

Content Highlights : Fifa World Cup 2018,spain, portugal