ഗ്രൗണ്ടിൽ ക്രിസ്റ്റ്യനോ റൊണാൾഡോയെ വരിഞ്ഞുകെട്ടാൻ പതിനെട്ടടവും പയറ്റിയവരാണ്  മൊറോക്കോയും സ്പെയിനുമെല്ലാം. രണ്ടു കൂട്ടരും ദയനീമായി പരാജയപ്പെടുകയും ചെയ്തു. ഹാട്രിക്ക് അടക്കം രണ്ട് കളികളിലും ഗോൾ നേടി തന്റെ കരുത്ത് തെളിയിച്ചുകഴിഞ്ഞു ഫിഫയുടെ ലോക ഫുട്ബോളർ.

ഇനി ഇറാന്റെ അവസരമാണ്. ക്രിസ്റ്റ്യാനോയുടെ കാലുകൾക്ക് വിലങ്ങിട്ടില്ലെങ്കിൽ പ്രീക്വാർട്ടർ എന്ന തങ്ങളുടെ സ്വപ്നം  മോർഡോവിയയിൽ വീണുടയും എന്ന കാര്യത്തിൽ ഇറാൻ ടീം മാനേജ്മെന്റിന് സംശയമില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അവർ തല പുകച്ചിരിക്കുക ഈയൊരു ചിന്തയിലായിരിക്കുമെന്ന് ഉറപ്പ്.

 ക്രിസ്റ്റ്യാനോയെ വരിഞ്ഞുകെട്ടാൻ ഇറാൻ ടീം മാനേജ്മെന്റ് വഴി കണ്ടുപിടിച്ചോ എന്നറിയില്ല. എന്തായാലും ഇറാന്റെ ആരാധകർ ഒരു വഴി കണ്ടുപിടിച്ചു. വിചിത്രമായ ഒരു വഴി. മത്സരത്തിന്റെ തലേദിവസം ക്രിസ്റ്റ്യാനോ അടക്കമുള്ള പോർച്ചുഗീസ് താരങ്ങളുടെ ഉറക്കം കെടുത്തുക.

സാരൻസ്ക്ക്കിൽ പോർച്ചുഗീസ് ടീം താമസിക്കുന്ന ഹോട്ടലിന്റെ പുറത്ത് വന്നുനിന്ന് പാതിരാത്രി ബഹളം വയ്ക്കുകയായിരുന്നു ഇറാന്റെ ആരാധകർ. കളിക്കാരുടെ ഉറക്കം കെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. ഒടുവിൽ സഹികെട്ട് ടീം  ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്നെ വന്ന് ആരാധകരോട് ബഹളം വയ്തരുതെന്ന് അഭ്യർഥിക്കേണ്ടിവന്നു. പാതിരാത്രി ജനലരികിലെത്തി ആരാധകരോട് നിശ്ശബ്ദരായിരിക്കാൻ അഭ്യർഥിക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യങ്ങൾ പോർച്ചുഗീസ് ടെലിവിഷൻ ചാനലായ ആർ.ടി.പി. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തു.

ക്രിസ്റ്റ്യാനോയുടെ അഭ്യർഥനയൊന്നും ഇറാൻകാർ ചെവിക്കൊണ്ടില്ല. അവർ കാലത്തും ഹോട്ടലിന് പുറത്ത് വലിയ വാദ്യോപകരണങ്ങൾ വായിച്ച് ബഹളം തുടർന്നുകൊണ്ടിരുന്നു.

ആരാധകരുടെ ബഹളത്തെക്കുറിച്ച് തങ്ങൾക്ക് നിരവധി പരാതികൾ ലഭിച്ചതായി സരാൻസ്ക് പോലീസ് പറഞ്ഞു.

രാത്രി പതിനൊന്ന് മണിയോടെയാണ് ആദ്യസംഘമെത്തി പാട്ടു തുടങ്ങിയത്. ക്രിസ്റ്റ്യാനോ വന്ന് ഇവരെ സമന്വയിപ്പിച്ച് തിരിച്ചയച്ചപ്പോൾ അടുത്ത സംഘം വരവായി. ഇവരും നിർത്താതെ പാട്ട് തുടങ്ങി. പോലീസ് എത്തി മറ്റ് റോഡുകളെല്ലാം ബ്ലോക്ക് ചെയ്തെങ്കിലും ഹോട്ടലിലേയ്ക്കുള്ള വഴി തുറന്നു കിടന്നു. ഇതുവഴി കൂടുതൽ ഇറാൻകാർ ഹോട്ടലിന്റെ അടുത്തേയ്ക്ക് വരികയും ചെയ്തു.

വാട്സ്ാപ്പും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പോർച്ചുഗൽ താമസിക്കുന്ന ഹോട്ടലിൽ  വന്ന് ബഹളമുണ്ടാക്കാൻ ആഹ്വാനം ചില ഇറാൻകാർ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

 എനിക്ക് റൊണാൾഡോയെ ഇഷ്ടമാണ്. പോർച്ചുഗലിനെയും. എന്നാൽ, ഇതൊരു വലിയ മത്സരമാണ്. ഇതിൽ ജയിക്കാൻ എന്തും ചെയ്യും-ഐടി കൺസൾട്ടന്റായ മെഹദി ഫയസ് എന്ന ഇറാൻകാരൻ പറഞ്ഞു.

എന്നാൽ, ഒരു വിഭാഗം ആരാധകരുടെ ഈ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് സ്ത്രീകൾ അടക്കമുള്ള ആരാധകർ പറഞ്ഞു.

Content Highlights: Portugal Cristiano Ronaldo Iran Fans Portugal hotel