കസാന്‍: കൊളംബിയയില്‍നിന്ന് ഇക്കുറി അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു ആരാധകര്‍. എന്നാല്‍, ആദ്യ മത്സരത്തില്‍ ജപ്പാനെതിരേ അട്ടിമറി തോല്‍വി ഏറ്റുവാങ്ങി സകലരെയും ഞെട്ടിച്ചു ലാറ്റിനമേരിക്കന്‍ കരുത്തര്‍. ലോകകപ്പില്‍ നിന്ന് പുറത്താകും എന്ന അവസ്ഥ വരെയെത്തി. എന്നാല്‍, വൈകിയാണെങ്കിലും ഞെട്ടലില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ് കൊളംബിയ. ഗ്രൂപ്പ് എച്ചില്‍ ജയം അനിവാര്യമായ കൊളംബിയ പോളണ്ടിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.

നാല്‍പതാം മിനിറ്റില്‍ മിനയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. എഴുപതാം മിനിറ്റില്‍ റഡാമല്‍ ഫാല്‍ക്കാവോയും എഴുപത്തിയഞ്ചാം മിനിറ്റില്‍ യുവാന്‍ ക്വാഡ്രാഡോയും ഗോള്‍ നേടി.

ഹാമിഷ് റോഡ്രിഗസിന്റെ ഒരു ഇടങ്കാല്‍ ക്രോസിന് ഗോളിയേക്കാള്‍ ഉയര്‍ന്നു ചാടി ഫലപ്രദമായി തലവയ്ക്കുകയായിരുന്നു മിന. ഹാമിഷ് റോഡ്രിഗസ് തന്നെയാണ് ക്വാഡ്രോഡോയുടെ മൂന്നാം ഗോളിനും വഴിയൊരുക്കിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകള്‍ക്കും കാര്യമായ മുന്നേറ്റമൊന്നും നടത്താനായിരുന്നില്ല. ഇരു ടീമുകളും ഒരു പോലെ പ്രതിരോധത്തിലും പന്ത് നിയന്ത്രിച്ച് കളിക്കുന്നതിലും ശ്രദ്ധനല്‍കി പോന്നു. പിന്നീട് ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു കൊളംബിയ. 40-ാം മിനിറ്റില്‍ പോളണ്ടിന്റെ കനത്ത പ്രതിരോധം മറികടന്ന് യെറി മിന ആദ്യ ഗോള്‍ നേടി. ഈ ഗോളോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ കൊളംബിയ കൂടുതല്‍ ശൗര്യം കാണിച്ചു. 70-ാം മിനിറ്റില്‍ ഫാല്‍ക്കാവോയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. യുവാന്‍ ക്വിന്ററോ പോളിഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നീട്ടി നല്‍കിയ പന്ത് ഫാല്‍ക്കാവോ വിദഗ്ദ്ധമായി വലയിലെത്തിക്കുകയായിരുന്നു. രണ്ടു ഗോള്‍ വഴങ്ങിയതോടെ മാനസികമായി തളര്‍ന്ന പോളണ്ടിന് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും കിട്ടി ഒരടി. റോഡ്രിഗസ് ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് നീട്ടി നല്‍കിയ കിടിലന്‍ പാസ് യുവാന്‍ ക്വാഡ്രാഡോ വലയിലെത്തിക്കുയായിരുന്നു.

ആദ്യ മത്സരത്തില്‍ ജപ്പാനോട് പരാജയപ്പെട്ട കൊളംബിയക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യതക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. സെനഗലിനോടും പരാജയപ്പെട്ട പോളണ്ടിന്റെ പ്രതീക്ഷ കൊളംബിയയോടും തോറ്റതോടെ പൂര്‍ണമായും അസ്തമിച്ചു. ഗ്രൂപ്പില്‍ ജപ്പാനും സെനഗലിനും നാല്് പോയിന്റും. കൊളംബിയക്ക് മൂന്ന് പോയിന്റുമാണ് നിലവിലുള്ളത്. ഇനി എല്ലാവര്‍ക്കും ഓരോ മത്സരം കൂടിയുണ്ട്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..