ബെര്‍ലിന്‍:ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ടീമുകളുടെ പരിശീലക സ്ഥാനത്ത് നിന്നുള്ള രാജി തുടരുന്നു. അവസാനമായി പോളണ്ട് കോച്ച് ആദം നവാല്‍ക്കയാണ് രാജിവെച്ചത്. ടൂര്‍ണ്ണമെന്റില്‍ പോളണ്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അതേ സമയം ആദ്യ റൗണ്ടില്‍ പുറത്തായ മുന്‍ ചാമ്പ്യന്‍മാരായ  ജര്‍മന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് ജോക്കിം ലോവ് തുടരും. 

ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ടത്തില്‍ ടീം പുറത്തായത് ലോവിന്റെ പരിശീലകസ്ഥാനത്തിന് ഭീഷണിയായിരുന്നു. എന്നാല്‍ കരാര്‍ കാലാവധിയായ 2022 വരെ തുടരുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.

2006-ലാണ് ലോവ് ജര്‍മന്‍ ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. ലോകകപ്പിന് തൊട്ടുമുമ്പാണ് 2022 വരെ കരാര്‍ നീട്ടിയത്. ബ്രസീലില്‍ ലോവിന്റെ പരിശീലനത്തിലാണ് ടീം ലോകകപ്പ് നേടിയത്.