മോസ്‌കോ: ലോകകപ്പില്‍ മരണഗ്രൂപ്പില്‍ ഉള്‍പ്പെട്ട് പ്രയാസത്തിലായ ഇറാന് ടീമിന് ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ തലവേദന. ഇറാന്‍ ദേശീയ ടീമിന് ബൂട്ട് നല്‍കുന്നത് നിറുത്തി വെച്ചതായി അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഉപകരണ നിർമാതാക്കളായ നൈക്കിയുടെ സ്ഥിരീകരണമാണ് താരങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 

ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് നൈക്കിയുടെ തീരുമാനം. 2014-ലോകകപ്പിലടക്കം ഇറാന്‍ ടീമിന് ബൂട്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത് നൈക്കിയായിരുന്നു. 

കളിക്കാര്‍ അവരുടെ ഉപകരണങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നും സുപ്രാധനമായ ഒരു മത്സരത്തിന് തൊട്ടു മുൻപ് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ലെന്നും ഇറാന്‍ കോച്ച് കാര്‍ലോസ് ഖ്വിറോസ് ഇതിനോട് പ്രതികരിച്ചു. 

അതേസമയം ഇറാന്‍ താരങ്ങള്‍ മറ്റു ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചില താരങ്ങല്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളുടെ ബൂട്ടുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ടീമിന്റെ ജഴ്‌സി ജര്‍മന്‍ കമ്പനിയായ അഡിഡാസിന്റേതാണ്. അഡിഡാസ് അവരുടെ സ്‌പോണ്‍സര്‍മാരല്ലെങ്കിലും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പണം കൊടുത്ത് കരാറിലേര്‍പ്പെടുകയായിരുന്നു.

Content Highlights: Nike withdraws Iran World Cup squad's supply of boots due to sanctions