റിയോ ഡി ജനീറോ: ബെല്‍ജിയത്തിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ബ്രസീലിയൻ താരം നെയ്മര്‍. ഇനി കളിക്കളത്തിലേക്ക് മടങ്ങി വരുന്നത് കഠിനമായിരിക്കുമെന്നും തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് മുക്തനായി താളം കണ്ടെത്താന്‍ വിഷമമായിരിക്കുമെന്നും നെയ്മര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നെയ്മര്‍ തന്റെ വേദനയും നിരാശയും പങ്കുവച്ചത്.

'എന്റെ കരിയറിലെ ഏറ്റവും ദുഃഖകരമായ നിമിഷമാണിത്. കിരീടം നേടാനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടായിരുന്നു. ചരിത്രമെഴുതാനുള്ള എല്ലാ സാഹചര്യവും അനുകൂലമായിരുന്നു. പക്ഷേ ഇതായിരുന്നില്ല ശരിയായ സമയം. അതുകൊണ്ടു തന്നെ തോല്‍വി സമ്മാനിച്ച വേദന വളരെ ആഴമുള്ളതാണ്. വീണ്ടും ഫുട്‌ബോള്‍ കളിക്കാനുള്ള ത്രാണിയുണ്ടാക്കുക എന്നത് പ്രയാസമാണ്. ദൈവം എനിക്ക് അതിനുള്ള ശക്തി നല്‍കുമെന്ന് തന്നെ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ദൈവത്തോട് നന്ദി പറയുന്നത് ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല. 

തോല്‍വിയിലും ദൈവത്തോട് തന്നെ നന്ദി പറയുന്നു. ഈ ടീമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. അതില്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായില്ല. പക്ഷേ ഞങ്ങളുടെ ഹൃദയത്തില്‍ നിന്നും മനസ്സില്‍ നിന്നും ടീമിനെ പറിച്ചെറിയാന്‍ അതു കാരണമായിട്ടില്ല' നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

neymar

Content Highlights: Neymar says it will be difficult to play football again in emotional statement after World Cup