മോസ്‌കോ: ഈ ലോകകപ്പില്‍ ഇതുവരെ നെയ്മര്‍ മൈതാനത്ത് വീണു കിടന്നത് 14 മിനിറ്റ്. ഇന്‍ജുറി ടൈം കണക്കാക്കാതെ നോക്കിയാല്‍, നാല് മത്സരങ്ങളിലായി നെയ്മര്‍ കളിച്ചത് 360 മിനിറ്റ്. ഇതില്‍ 14 മിനിറ്റും നെയ്മര്‍ മൈതാനത്ത് വീണുകിടക്കുകയായിരുന്നുവെന്ന് ഇംഗ്ലിഷ് ദിനപത്രമായ 'ദ് സണ്‍' റിപ്പോര്‍ട്ട് ചെയ്തു. 

അതായത് ഒരു കളിയില്‍ ശരാശരി മൂന്നര മിനിറ്റ് നെയ്മര്‍ വീണു കിടക്കുകയായിരുന്നു. കളിക്കളക്കത്തിലെ വീഴ്ചയുടെ പേരില്‍ ഒട്ടേറെ വിമര്‍ശനവും പരിഹാസവും അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു. നെയ്മര്‍ക്ക് കാറ്റുവീഴ്ചയാണെന്ന് പോലും ട്രോളുകള്‍ ഇറങ്ങി. 

എന്നാല്‍, എല്ലാറ്റിനെയും തള്ളി കോച്ച് ടിറ്റെയും നെയ്മറും രംഗത്തെത്തിയിരുന്നു. ''എന്താണ് സംഭവിച്ചതെന്ന് ഞാനും കളികണ്ടവരും കണ്ടതാണ്. നാലുമാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന താരമാണ് നെയ്മര്‍. തിരിച്ചുവരാന്‍ അയാള്‍ക്ക് നാലോ അഞ്ചോ മത്സരങ്ങള്‍ വേണ്ടിവരും'' - മെക്‌സിക്കോക്കെതിരായ മത്സരശേഷം ടിറ്റെ പറഞ്ഞു.

ആരോപണങ്ങള്‍ തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് നെയ്മറും പ്രതികരിച്ചു. ''വാഴ്ത്തുകളെയോ വിമര്‍ശനങ്ങളെയോ ഞാന്‍ കാര്യമാക്കുന്നില്ല. അതിനെപ്പറ്റി ആലോചിച്ചാല്‍ അതു നിങ്ങളുടെ സമീപനത്തെ ബാധിക്കും. വിവാദങ്ങളില്‍ എനിക്ക് താത്പര്യമില്ല'' -നെയ്മര്‍ പറഞ്ഞു.

Neymar