റെക്കോഡ് തുകയ്ക്കാണ് നെയ്മറെ ബാഴ്‌സലോണയില്‍ നിന്നും പി.എസ്.ജി സ്വന്തം തട്ടകത്തിലെത്തിച്ചത്. പിന്നാലെ യുറഗ്വായ് താരം എഡിസന്‍ കവാനിയും നെയ്മറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ചയായി. പിന്നീട് ഇക്കാര്യം കവാനി തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. സീസണിന്റെ തുടക്കത്തില്‍ നെയ്മറുമായി പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഞങ്ങളിരുവരും പരസ്പരം മനസ്സിലാക്കിയെന്നുമായിരുന്നു കവാനിയുടെ പ്രതികരണം. നെയ്മറെ പ്രീണിപ്പിക്കാന്‍ ക്ലബ്ബ് കവാനിയെ ഒഴിവാക്കുന്നുവെന്നും ആരോപണങ്ങളുണ്ടായി.

എന്നാല്‍ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നെയ്മറും ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കെയ്‌ലര്‍ എംബാപ്പെയും തമ്മില്‍ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാഷിന് മാധ്യമമായ എല്‍ പയസിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത വന്നത്. ഇരുതാരങ്ങള്‍ക്കിടയിലും ഗൗരവപരമായ എന്തോ പ്രശ്‌നമുണ്ടെന്നും സ്‌പെയ്‌നില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രം പറയുന്നു.

നെയ്മര്‍ 19-കാരനായ എംബാപ്പെയെ ഭയപ്പെടുത്തി ടീമില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. എംബാപ്പെയോടുള്ള നെയ്മറിന്റെ സമീപനത്തില്‍ ഫ്രഞ്ച് താരത്തിന്റെ അച്ഛന്‍ അമ്പരുന്നുവെന്നും ഈ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. 

ബ്രസീല്‍ താരം തന്നെയായ ഡാനി ആല്‍വസുമായി ചേര്‍ന്ന് 'ടീനേജ് മ്യൂട്ടന്റ് നിന്‍ജ ടര്‍ട്ടില്‍സ്' എന്ന ആനിമേഷന്‍ ചിത്രത്തിലെ ഡൊണാറ്റെല്ലോ എന്ന കഥാപാത്രത്തിന്റെ പേര് പറഞ്ഞ് എംബാപ്പയെ നെയ്മര്‍ പരിഹസിക്കാറുണ്ട്. തന്നെ ഇത്തരത്തില്‍ ആമകളുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലെന്ന് എംബാപ്പെ വ്യക്തമാക്കിയെങ്കിലും നെയ്മറും ആല്‍വസും പരിഹസിക്കുന്നത് അവസാനിപ്പിച്ചില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഈ പരിഹാസം തുടര്‍ന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ എംബാപ്പയെ കുറിച്ച് ഡാല്‍വിസ് പോസ്റ്റിട്ടിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറി ആയിട്ട പോസ്റ്റില്‍ ഡൊണാറ്റെല്ലോ ഇത്രയ്ക്ക് ഫാസ്റ്റാണോ എന്നാണ് ആല്‍വസ് ചോദിക്കുന്നത്.

ആല്‍വസിന്റെ ഇന്‍സ്റ്റാ സ്റ്റോറി 

dani alves

Content Highlights: Neymar bullies PSG teammate the pair barely talk anymore