നെല്ലായി: നാല്പത്തിയേഴാംവയസ്സിൽ സുരേഷ്‌കുമാർ രാജ്യത്തിനുവേണ്ടി എറിഞ്ഞുനേടിയ സ്വർണം-വെള്ളി മെഡലുകൾക്ക് തിളക്കമേറെയാണ്. ആദ്യമായി പങ്കെടുത്ത ഇൻറർനാഷണൽ ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് നെല്ലായിയിലെ ശ്രീപാദംവീട്ടിൽ സുരേഷ്‌കുമാറിന്‍റെ മികച്ചനേട്ടം. ഈ മാസം ബ്രൂണൈയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഡിസ്‌കസ് ത്രോയിൽ വെള്ളിയും നേടിയാണ്‌ സുരേഷ് രാജ്യത്തിന്‍റെ അഭിമാനമായത്.

തൃശ്ശൂരിൽ മഹാരാജാസ് പോളിടെക്നിക് വിദ്യാർഥിയായിരിക്കെ ഇൻറർപോളി കായികമേളയിൽ മൂന്നുവർഷം തുടർച്ചയായി റെക്കോഡോടെ സംസ്ഥാന ചാമ്പ്യനായിരുന്നു. കേരളോത്സവത്തിന്‍റെ ഭാഗമായുള്ള കായികമേളകളിൽ നെല്ലായിയിലെ സുവർണ ക്ലബ്ബിനുവേണ്ടി മത്സരിച്ച സുരേഷ്‌കുമാർ തുടർച്ചയായി പത്തുവർഷം സംസ്ഥാന ചാമ്പ്യനായി.

ബിസിനസിന് കൂടുതൽ ശ്രദ്ധ കൊടുത്തതോടെ പത്തുവർഷം കായികരംഗത്തുനിന്ന്‌ മാറിനിന്നു. ദേശീയ കായികതാരവും മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ തൃശ്ശൂർ സ്വദേശി രാജൻ ജോസഫ് ആണ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനെക്കുറിച്ച് പറഞ്ഞതും പ്രോത്സാഹനം നൽകിയതും.

അഞ്ചുവർഷമായി സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മത്സരിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

കഴിഞ്ഞ മാസം ശ്രീലങ്കയിൽ നടന്ന ദേശീയമത്സരത്തിൽ ഇന്ത്യയിൽനിന്നുള്ള അതിഥിയായി പങ്കെടുത്ത് ഡിസ്‌കസ് ത്രോയിൽ വെള്ളിമെഡൽ നേടിയിരുന്നു.