ഭാഗ്യമെന്ന രണ്ടക്ഷരം മാത്രമില്ലാത്തതിനാല്‍ മൊറോക്കോയ്ക്ക് നേരത്തെ തന്നെ റഷ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നെങ്കിലും ആ ടീമിന്റെ കളി കണ്ടവരൊക്കെയും പറഞ്ഞു 'എന്താ ഒരു കളി'. അത്രയക്ക് മനോഹരമായിരുന്നു ഇറാനെതിരേയും പോര്‍ച്ചുഗലിനെതിരേയും മൊറോക്കയുടെ ഗ്രൗണ്ടിലെ നീക്കങ്ങള്‍. ഇറാനെതിരെ സെല്‍ഫ് ഗോളും പോര്‍ച്ചുഗലിനെതിരേ ക്രിസ്റ്റ്യാനോയുമാണ് മൊറോക്കയുടെ വഴിമുടക്കിയത്.

പക്ഷേ മൊറോക്കോയുടെ കളിയില്‍ മാത്രമല്ല കാര്യം. കളിയഴകിനേക്കാള്‍ മൊറോക്കോ കോച്ച് ഹെര്‍വ് റിനാര്‍ഡിന്റെ അഴകാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയെ ചൂടുപിടിപ്പിക്കുന്നത്. സൈഡ് ലൈനില്‍ നിന്ന് മൊറോക്കയുടെ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഹെര്‍വിന്റെ ലുക്കിന് മുന്നില്‍ ഹോളിവുഡ് നടന്‍മാര്‍ പോലും തോറ്റ് പോകും. കണ്ടാല്‍ കണ്ണെടുക്കാന്‍ കഴിയില്ലെന്നാണ് ഈ 49-കാരനെ കുറിച്ച് ആരാധികമാര്‍ പറയുന്നത്. സ്വര്‍ണത്തലമുടിയും നീലക്കണ്ണും ഭംഗിയുള്ള താടിയെല്ലുകളുമാണ് ഈ ഫ്രഞ്ചുകാരന്റെ സൗന്ദര്യം.

ഗെയിം ഓഫ് ത്രോണിലെ കഥാപാത്രം ജെയ്മി ലാനിസ്‌റ്റെറേയും ഹെര്‍വിനേയും ഒരുമിച്ച് കണ്ടാല്‍ മാറിപ്പോകുമത്രെ! ഭൂമിയിലെ ഏറ്റവും സുന്ദരനായ പുരുഷനെന്നും ഹെര്‍വിന് ആരാധികമാര്‍ വിശേഷണം നല്‍കിയിട്ടുണ്ട്. 

കേംബ്രിഡ്ജ് യുണൈറ്റഡിനെയാണ് ഹെര്‍വ് ആദ്യം പരിശീലിപ്പിച്ചത്. 2004ലായിരുന്നു അത്. അന്നേ ഹെര്‍വിന്റെ ഹോട്ട് ലുക്ക് ചര്‍ച്ചയായിരുന്നു. ഹെര്‍വിന്റെ ശരീരം ഗ്രീക്ക് ദേവന്‍മാരുടെ ശരീരം പോലെയാണ്. ഒരു ദിവസം എട്ടു മൈല്‍ വരെ ഹെര്‍വ് ഓടുമായിരുന്നു. 2004 സീസണില്‍ ക്രേംബിഡ്ജ് യുണൈറ്റഡിന്റെ ടോപ്പ് സ്‌കോററായിരുന്ന ഷെയ്ന്‍ ടൂഡര്‍ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: Morocco loses World Cup match, but handsome coach Herve Renard has fans swooning