ആന്‍ഫീല്‍ഡ്: ഈ വര്‍ഷത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഈ ജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെ സ്വന്തമാക്കാമെന്ന വമ്പന്‍ ക്ലബ്ബുകളുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ലിവര്‍പൂള്‍ താരമായ സലാ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഇതുപ്രകാരം 2023 വരെ സലാ ലിവര്‍പൂളില്‍ തുടരും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് ലിവര്‍പൂള്‍, താരവുമായുള്ള കരാര്‍ പുതുക്കിയത്. കഴിഞ്ഞ സീസണില്‍ 44 ഗോളുകളാണ് സലാ ലിവര്‍പൂളിനായി നേടിയത്. ക്ലബ്ബിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതില്‍ സലായുടെ പങ്ക് വളരെ വലുതായിരുന്നു. എന്നാല്‍ പരിക്കുമൂലം അദ്ദേഹത്തിന് ഫൈനല്‍ പൂര്‍ത്തിയാക്കാനായില്ല.  

പി.എഫ്.എ പ്ലെയര്‍ ഓഫ് ദ ഇയര്‍, ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ സീസണില്‍ 32 ഗോളുകള്‍ നേടിയ ഈ 26-കാരന്‍, 38 മത്സര സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ റഷ്യ ലോകകപ്പില്‍ സലായില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇറങ്ങിയ ഈജിപ്തിന്റെ പ്രകടനം ദയനീയമായിരുന്നു. യുറഗ്വായ്, റഷ്യ, സൗദി അറേബ്യ എന്നീ ടീമുകളോട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു സലായുടെയും ഈജിപ്തിന്റെയും വിധി. ഇതില്‍ രണ്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ സലാ രണ്ടു ഗോളുകളും നേടി. ഒന്ന് സൗദിക്കെതിരെയും മറ്റൊന്ന് റഷ്യക്കെതിരെ പെനാല്‍റ്റിയിലൂടെയും.

Content Highlights; Mohamed Salah signs new five-year deal with Liverpool