മോസ്‌ക്കോ: കലാശപ്പോരില്‍ ഫ്രാന്‍സിന് മുന്നില്‍ കാലിടറിയെങ്കിലും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. അര്‍ജന്റീനയടക്കം നിരവധി വമ്പന്‍മാരെ വെട്ടിമാറ്റി റഷ്യയില്‍ കറുത്ത കുതിരകളായി ക്രൊയേഷ്യ നടത്തിയ കുതിപ്പിന് മധ്യനിരയില്‍ നിന്ന് ചുക്കാന്‍പിടിച്ചത് മോഡ്രിച്ചാണ്. അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബെല്‍ജിയം നായകന്‍ എഡന്‍ ഹാസര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ മോഡ്രിച്ചിന് തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ ലോകകപ്പിലും ഫൈനലില്‍ തോറ്റ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കായിരുന്നു ഗോള്‍ഡന്‍ ബോള്‍. 

പത്തൊമ്പതുകാരനായ കിലിയന്‍ എംബാപ്പെയാണ് റഷ്യയിലെ മികച്ച യുവതാരം. ഫൈനലില്‍ അടക്കം ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ച നാലു ഗോളുകളാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. 

സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ് കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ നെടുംതൂണായിരുന്നു ഹാരി കെയ്ന്‍. കഴിഞ്ഞ തവണ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസും ആറു ഗോളുകളാണ് സ്‌കോര്‍ ചെയ്തിരുന്നത്. ടോപ് സ്‌കോറര്‍ ലിസ്റ്റില്‍ കെയ്‌നിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സിന്റെ ഗ്രീസ്മാനും മൂന്നാം സ്ഥാനത്ത് ലുക്കാക്കുവുമാണ്. 

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബൂട്ട് കുര്‍ട്ടോയുടെ കൈകളിലെത്തി. ടൂര്‍ണമെന്റിലുടനീളം പോസ്റ്റിനു മുന്നില്‍ മികച്ച സേവുകള്‍ തീര്‍ത്ത കുര്‍ട്ടോയുടെ കൂടി മികവിലാണ് ബെല്‍ജിയം മൂന്നാം സ്ഥാനക്കാരായി മടങ്ങിയത്. മികച്ച ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് മുന്‍ചാമ്പ്യന്‍മാരായ സ്‌പെയ്‌നാണ്. ഫിഫയുടെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പാണ് അച്ചടക്കത്തോടെ കളിക്കുന്ന ടീമിനുള്ള ഈ അവാര്‍ഡ് തിരഞ്ഞെടുത്തത്. 

Content Highlights; Modric wins Golden Ball, Mbappe named best young player