മോസ്‌കോ: ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് അത്ര സന്തോഷത്തിലല്ല. ഫൈനലിലെ തോല്‍വിതന്നെയാണ് കാരണം. 

ഫ്രാന്‍സിനോട് ലോകകപ്പ് ഫൈനലില്‍ തോറ്റിട്ടും തനിക്ക്‌ ലഭിച്ച  മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ഗോള്‍ പുരസ്‌കാരം ഒരുപോലെ കയ്പ്പും മധുരവും നിറഞ്ഞതെന്ന് മോഡ്രിച്ച് പ്രതികരിച്ചു. 

' അംഗീകാരത്തില്‍ സന്തോഷമുണ്ട്. പുരസ്‌കാരത്തിനായി എന്നെ തിരഞ്ഞെടുത്തവരോട് നന്ദിയും. എന്നാല്‍ ലോകകപ്പ് വിജയത്തിനാണ് ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നത്. ഞങ്ങളുടെ നേട്ടത്തില്‍ എനിക്ക് അഭിമാനമണ്ട്. ഫൈനലിലെ തോല്‍വിയില്‍ സങ്കടവും.' - മോഡ്രിച്ച് പറഞ്ഞു.

ഞങ്ങള്‍ ഇതിലും അധികം അര്‍ഹിച്ചിരുന്നു. ഞങ്ങള്‍ക്ക് ഒന്നും മാറ്റാനാകില്ലല്ലോ? - അവസാനം വരെ ഞങ്ങള്‍ പൊരുതിനിന്നു. മോഡ്രിച്ച് കൂട്ടിച്ചേര്‍ത്തു. 

അര്‍ജന്റീനയടക്കം നിരവധി വമ്പന്‍മാരെ വീഴ്ത്തി റഷ്യയില്‍ കറുത്ത കുതിരകളായി ക്രൊയേഷ്യ നടത്തിയ കുതിപ്പിന് മധ്യനിരയില്‍ നിന്ന് ചുക്കാന്‍പിടിച്ചത് മോഡ്രിച്ചാണ്. അപ്രതീക്ഷിത കുതിപ്പ് നടത്തിയ ബെല്‍ജിയം നായകന്‍ എഡന്‍ ഹാസര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് മികച്ച താരത്തിനുള്ള പട്ടികയില്‍ മോഡ്രിച്ചിന് തൊട്ടുപിന്നില്‍ രണ്ടും മൂന്നും സ്ഥാനത്ത്.