മോസ്‌കോ: ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ഗായകനാണ് മിക്ക് ജാഗര്‍. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഏതാനും പാട്ടുകളിറക്കി. അവയിലൊന്ന് ഇങ്ങനെയായിരുന്നു; ''ഞാന്‍ ഇംഗ്ലണ്ടിനെ കാണാനായി പോയി, പക്ഷേ ഇംഗ്ലണ്ട് തോറ്റു''. തന്റെ പാട്ടുപോലെ തന്നെ കഴിഞ്ഞ ദിവസം മിക്ക് ഇംഗ്ലണ്ടിനെ കളികാണാന്‍ പോയി. എന്നിട്ടെന്തുപറ്റി ഇംഗ്ലണ്ട് തോറ്റു.

മിക്ക് പുറത്തിറക്കിയ 'ഇംഗ്ലണ്ട് തോറ്റു' എന്ന ആല്‍ബത്തിലെ ഗാനമായിരുന്നു ഇത്. ഒരാള്‍ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോകുന്നതും ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതുമായിരുന്നു ഈ ആല്‍ബത്തിന്റെ ഇതിവൃത്തം.

കഴിഞ്ഞ കുറേക്കാലമായി പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെ സ്ഥിരസാന്നിധ്യമാണ് മിക്ക് ജാഗര്‍. ബ്രസീല്‍ ലോകകപ്പ് കാണാനും അദ്ദേഹം എത്തിയിരുന്നു. അന്ന് പ്രീക്വാര്‍ട്ടറില്‍ ഘാനയും യു.എസും തമ്മില്‍ നടന്ന മത്സരം മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പമിരുന്നാണ് അദ്ദേഹം കണ്ടത്.

മിക്ക് ജാഗറിന്റെ ലോകകപ്പ് പ്രവചനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക തന്നെ വേണം. 2014 ലോകകപ്പിനിടെ യുറഗ്വായുമായുള്ള മത്സരത്തിനു മുന്‍പ് ഇംഗ്ലണ്ടിനായി അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. '' ലെറ്റസ് ഗോ ഇംഗ്ലണ്ട്, ഇവരാണ് വിജയിക്കാന്‍ പോകുന്നത് ''. എന്നിട്ടെന്തുണ്ടായി ഇംഗ്ലണ്ട് തോറ്റു. 

മാത്രമല്ല റോമിലെ ഒരു ഷോയ്ക്കിടെ അദ്ദേഹം 2014 ലോകകപ്പിലെ ഇറ്റലി - യുറഗ്വായ് മത്സരഫലം പ്രവചിച്ചിരുന്നു. ഇറ്റലി വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അവിടെയും ഇറ്റലി തോറ്റു.

അതിനും മുന്‍പു നടന്ന ഒരു സംഗീതസദസില്‍, ബ്രസീല്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തുമെന്ന് മിക്ക് പ്രവചിച്ചു. എന്നിട്ടോ? പോര്‍ച്ചുഗല്‍ ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് വിമാനം കയറി. 

പ്രവചനത്തിന്റെ കാര്യത്തില്‍ മിക്ക് ഒരു ദുരന്തം തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു 2014-ലെ സെമിഫൈനല്‍. ജര്‍മനിക്കെതിരായ മത്സരത്തില്‍ ബ്രസീലിനെ പിന്തുണച്ച് സ്വന്തം മകന്‍ ലൂക്കാസുമൊത്താണ് മിക്ക് കളികാണാനെത്തിയത്. പിന്നീട് അവിടെ നടടന്നതിനെ കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ.

2010 ലോകകപ്പിലും മിക്ക് തന്റെ പ്രവചനങ്ങളുമായി എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലണ്ട് - ജര്‍മനി മത്സരമായിരുന്നു ആദ്യം. അന്നും ഇംഗ്ലണ്ട് തോറ്റു.

ബ്രസീല്‍ - നെതര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലിനായി പാതി ബ്രസീലിയനായ തന്റെ മകനുമൊത്ത് ബ്രസീല്‍ ജഴ്‌സി ധരിച്ചാണ് മിക്ക് എത്തിയത്. അവിടെയും സ്ഥിതി വ്യത്യാസമില്ലാതെ തുടര്‍ന്നു.

കഴിഞ്ഞ രണ്ടു ലോകകപ്പുകളിലെയും ഈ പ്രവചനദുരന്തം മുന്‍നിര്‍ത്തിയാണ് മിക്ക് ഇത്തവണ 'ഇംഗ്ലണ്ട് ലോസ്റ്റ്' എന്ന് പേരിട്ട് ആല്‍ബമിറക്കിയത്. തന്റെ 74-ാം പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ജൂലായിലായിരുന്നു റിലീസ്. എന്നാല്‍ ആ പേരുമാറ്റത്തിനും നിക്കിന്റെ ടീമിനെ രക്ഷിക്കാനായില്ല. സെമിയില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്താകാനായിരുന്നു ഇത്തവണ ഇംഗ്ലണ്ടിന്റെ വിധി.

Content Highlights: fifa world cup 2018, mick jagger