ർജന്റീനയുടെ തോൽവിയെക്കുറിച്ചുള്ള തീ പിടിച്ച ചർച്ചകൾക്കും പ്രീക്വാർട്ടറിൽ കടക്കുമോ എന്ന സന്ദേഹങ്ങൾക്കുമിടയിൽ ഏറെയാരും അറിയാതെ ഒരു കാര്യം കടന്നുപോയി. അർജന്റീനയുടെ നായകൻ ലയണൽ മെസ്സിയുടെ ജന്മദിനം. ഞായറാഴ്ചയായിരുന്നു മെസ്സിയുടെ മുപ്പത്തിയൊന്നാം പിറന്നാൾ.

എന്നാൽ, ഇപ്പോൾ ജന്മദിനം ആഘോഷപൂർവം കൊണ്ടാടാനുള്ള ഒരു സാഹചര്യത്തിലല്ല ലിയോ. കരിയറിൽ ഇന്നേവരെ നേരിടാത്ത ഒരു പ്രതിസന്ധിക്ക് മുന്നിൽ വിഷണ്ണനായി നിൽക്കുകയാണ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരം.

പരിശീലനത്തിനിടെ ഒരു ആശ്ലേഷത്തിലും കവിളിലൊരു ചുംബനത്തിലും ഒതുങ്ങി കോച്ച് യോർഗെ സാംപോളിയുടെ ആശംസ. കോച്ചും ടീമംഗങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയുടെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയ്തു. നൈജീരിയക്കെതിരായ അടുത്ത മത്സരത്തിൽ സാംപോളി ടീമിനൊപ്പം ഉണ്ടായേക്കില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുക വരെ ചെയ്തു. അർജന്റീൻ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷനു തന്നെ വിശദീകരണവുമായി എത്തേണ്ടിവന്നു.

 എന്നാൽ, ഇതിനിടെ മെസ്സിക്ക് ആശ്വാസവും ആത്മവിശ്വസവും നൽകുന്ന മറ്റൊരു ജന്മദിന സന്ദേശവും എത്തി. ഭാര്യ അന്റോനെറല്ല റൊക്കൂസോ ഇൻസ്റ്റഗ്രാമിലാണ്  ഹൃദയം കൊണ്ടെഴുതിയ സന്ദേശം പോസ്റ്റ് ചെയ്തത്.

 എന്നെ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാക്കിയതിന് നന്ദി. നമ്മുടെ ഏറ്റവും വലിയ സമ്പാദ്യമായ നമ്മുടെ കുടുംബം നൽകിയതിനും നന്ദി. എന്റെ പ്രിയപ്പെട്ടവനേ... ഇന്നും എന്നും നിങ്ങൾക്ക് സന്തോഷം നേരുന്നു-അന്റോനെല്ല കുറിച്ചു.

മെസ്സിയും അന്റോനെല്ലയും തമ്മിൽ പിരിഞ്ഞേക്കും എന്ന തരത്തിലുള്ള ഗോസിപ്പുകൾ പരക്കുന്നതിനിടെയാണ് അന്റോനെല്ലയുടെ സന്ദേശം എത്തുന്നത്.

Content Highlights: Messi Birth Day Jorge Sampaoli Argentia Loss Antonella Roccuzzo