ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ തനിക്കേറെ ദുഖമുണ്ടെന്ന് ലയണല്‍ മെസ്സി. മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ മത്സരത്തിന്റെ ഗതി മാറിയേനെ. അര്‍ജന്റീന അര്‍ഹിച്ചിരുന്ന വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായത്'- മെസ്സി കൂട്ടിച്ചേര്‍ത്തു. 

അര്‍ജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകരെ നിരാശയിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ  മോസ്‌ക്കോ സ്പാര്‍ട്ടെക് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. പത്തൊന്‍പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയിലൂടെ അര്‍ജന്റീന ആദ്യം മുന്നിലെത്തിയിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റില്‍ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അര്‍ജന്റീനയുടെ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഫിന്‍ബൊഗാസണ്‍ വല കുലുക്കി. അര്‍ജന്റീന അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു 64ാം മിനിറ്റില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഐസ്ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാനസ് ഹാല്‍ഡോര്‍സണെ ഒന്ന് പരീക്ഷിക്കാന്‍ പോലും മെസ്സിയെടുത്ത പെനാല്‍റ്റി കിക്കിന് കഴിഞ്ഞില്ല. 

കളിയുടെ 28 ശതമാനം സമയം മാത്രമാണ് ഐസ്ലന്‍ഡിന്റെ കൈവശം പന്തിരുന്നത് എന്നാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ പ്രകടനം പുറത്തെടുത്താണ് ഐസ്ലന്‍ഡ് അര്‍ജന്റീനയ്ക്കെതിരെ ജയത്തോളം പോന്ന സമനില പിടിച്ചെടുത്തത്. ലീഡെടുക്കാന്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് ലഭിച്ച സുവര്‍ണാവസരം തട്ടിയകറ്റിയ ഗോളി ഹാല്‍ഡോര്‍സണിന്റെ മിന്നല്‍ നീക്കവും സമനില നേടാന്‍ ഐസ്ലന്‍ഡിന് നിര്‍ണായകമായി.

10 തവണയാണ് മെസ്സി ഐസ്ലന്‍ഡിനെതിരേ വല ലക്ഷ്യമാക്കി ഷോട്ട് അടിച്ചത്. എന്നാല്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പേരിലാണെങ്കില്‍ ആദ്യ പെനാല്‍റ്റി നഷ്ടം മെസ്സിയുടെ പേരില്‍ കുറിക്കപ്പെട്ടു. ഇതുവരെ 107പെനാല്‍റ്റികളാണ് മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 82 എണ്ണം ലക്ഷ്യം കണ്ടപ്പോള്‍ 25 എണ്ണം ലക്ഷ്യം തെറ്റി.