മോസ്‌കോ: ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ട് ഘട്ടത്തിന്റെ തീവ്രതയിലേക്ക് കടക്കുമ്പോള്‍ റഫറിയുടെ കാര്‍ഡിനെപ്പേടിച്ച് സൂപ്പര്‍ താരങ്ങള്‍. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും അടക്കമുള്ളവരെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. പ്രീക്വാര്‍ട്ടറില്‍ ഒരു മഞ്ഞക്കാര്‍ഡുകൂടി കണ്ടാല്‍ അതിനടുത്ത മത്സരത്തില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന സാധ്യതയാണ് താരങ്ങള്‍ക്കുമേല്‍ ഭീഷണിയായിനില്‍ക്കുന്നത്.

ഫ്രാന്‍സിനെതിരേ പ്രീക്വാര്‍ട്ടര്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ മെസ്സി 'നല്ലനടപ്പിന്' അതീവ ശ്രദ്ധാലുവായിരിക്കണമെന്നതാണ് അര്‍ജന്റീനയെ ആശങ്കപ്പെടുത്തുന്ന ഘടകം. നൈജീരിയയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അനാവശ്യമായി സമയം പാഴാക്കിയതിനാണ് മെസ്സി മഞ്ഞക്കാര്‍ഡ് കണ്ടത്. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ക്കൂടി മഞ്ഞക്കാര്‍ഡ് കണ്ടാല്‍ അര്‍ജന്റീന ജയിക്കുന്നപക്ഷം മെസ്സിക്ക് ക്വാര്‍ട്ടറില്‍ കളിക്കാനാകില്ല. അങ്ങനെ സംഭവിക്കുകയും അര്‍ജന്റീന-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ വരികയും ചെയ്താല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെതിരേ മെസ്സിയില്ലാതെ ഇറങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് അര്‍ജന്റീന.

മെസ്സിയുടെ അതേ ആശങ്കയില്‍തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. യുറഗ്വായ്ക്ക് എതിരായ പ്രീക്വാര്‍ട്ടറിനിറങ്ങുന്നത്. ഇറാനെതിരായ അവസാന മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് കണ്ടതാണ് ക്രിസ്റ്റ്യാനോക്ക് മുന്നിലുള്ള ഭീഷണി. യുറഗ്വായ്‌ക്കെതിരായ മത്സരത്തില്‍ക്കൂടി ക്രിസ്റ്റ്യാനോ കാര്‍ഡ് കണ്ടാല്‍ അടുത്തമത്സരം താരത്തിന് നഷ്ടമാകും.

ബ്രസീലും സമാനമായ ഭീഷണിയില്‍ തന്നെയാണ് കളിക്കുന്നത്. സൂപ്പര്‍ താരം നെയ്മറിനൊപ്പം ഫിലിപ്പെ കുട്ടീന്യോയും കാസെമിറോയുമൊക്കെ കാര്‍ഡിന്റെ ഭീഷണിയിലാണ്. മെക്‌സിക്കോക്കെതിരായ പ്രീക്വാര്‍ട്ടറിനിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ കെയ്ല്‍ വാക്കറും ലോഫ്റ്റസ്ചീക്കും കാര്‍ഡ് ഭീഷണിയിലുള്ളപ്പോള്‍ ബെല്‍ജിയത്തിന്റെ യാന്‍ വെര്‍ട്ടോംഗനും തോമസ് മ്യൂനീറും ഇതേ ഭീഷണിയിലാണ് കളിക്കാനിറങ്ങുന്നത്. അതേസമയം മുന്‍ചാമ്പ്യന്‍മാരായ സ്‌പെയിനിന് കാര്‍ഡിന്റെ കാര്യത്തില്‍ വലിയ ഭീഷണിയില്ലാതെ കളിക്കാനിറങ്ങാനാകും. അവരുടെ സെര്‍ജിയോ ബുസ്‌കെറ്റ്സ് മാത്രമാണ് ഇപ്പോള്‍ ഭീഷണിയിലുള്ളത്.