പാരിസ്: ലോകകപ്പിലെ യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട കൈലിയന്‍ എംബാപ്പെ പെലെയെക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോളടിക്കുന്ന കൗമാര താരമെന്ന റെക്കോഡോടയാണ് റഷ്യ വിട്ടത്. ഈ ലോകകപ്പ് പത്തൊമ്പതുകാരന് നിറമുള്ള ഓര്‍മ്മകള്‍ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍ കളിക്കളത്തിന്‌ പുറത്തും ഫ്രഞ്ച് താരം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യക്തിത്വമാണ്.

ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലുമെടുക്കാറില്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായ എംബാപ്പെ. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് എംബാപ്പെ ഉപയോഗിക്കുന്നത്. അതും വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിന്.

ഫ്രാന്‍സ് ലോകകപ്പ് നേടിയതോടെ ഈ കുട്ടികള്‍ക്ക് കോളടിച്ചു. ലോകകപ്പില്‍ തനിക്ക് കിട്ടിയ പണമെല്ലാം ഇവര്‍ക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഫ്രഞ്ച് താരം. ഫ്രാന്‍സില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അങ്ങിനെയാണ്. ഏകദേശം മൂന്നു കോടി 42 ലക്ഷം രൂപയാണ് താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. 

ലോകകപ്പിലെ ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതമാണ് എംബാപ്പെയ്ക്ക് പ്രതിഫലമായി ലഭിച്ചത്., ഫ്രാന്‍സ് ലോകകപ്പ് നേടിയ കണക്കില്‍ രണ്ടു കോടി 39 ലക്ഷം രൂപയും ലഭിച്ചു. ഏഴു മത്സരങ്ങളാണ് എംബാപ്പെ ലോകകപ്പില്‍ കളിച്ചത്. ഇതു കണക്കുകൂട്ടിയാല്‍ ഏകദേശം മൂന്നര കോടി രൂപ വരും. 

Content Highlights: Kylian Mbappe to donate World Cup winnings to charity