സോള്‍; റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കു നേരെ ആരാധകര്‍ ചീമുട്ടയെറിഞ്ഞ സംഭവത്തില്‍ കേസ് വേണ്ടെന്ന് കൊറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. താരങ്ങള്‍ റഷ്യയില്‍ നിന്ന് തിരിച്ചെത്തി ഇഞ്ചിയോണ്‍ വിമാനത്താവളത്തിൽ വെച്ച് ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഒരുകൂട്ടം ആരാധകര്‍ ചീമുട്ടയെറിഞ്ഞത്‌.

സംഭവം നടന്ന ഉടന്‍ സ്ഥലത്തുണ്ടായിരുന്ന എയര്‍പോര്‍ട്ട് പോലീസിനോട് നടപടിയെടുക്കാന്‍ കൊറിയന്‍ ഫുട്ബോൾ   അസോസിയേഷന്‍ ആവശ്യപ്പെട്ടില്ലെന്ന് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചീമുട്ടയേറിഞ്ഞത് താരങ്ങള്‍ക്ക് നേരെ നടന്ന ആക്രമണമാണ്. എന്നാല്‍ പരാതി ലഭിക്കാതെ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടിയെടുക്കാന്‍ സാധിക്കില്ല-ഇഞ്ചിയോണ്‍ എയര്‍പോര്‍ട്ട് പോലീസ് വ്യക്തമാക്കി. 

സ്വീഡന്‍, മെക്‌സിക്കോ, ജര്‍മനി എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ ആദ്യ രണ്ടു മത്സരങ്ങളും തോറ്റാണ് ദക്ഷിണ കൊറിയ പുറത്തായത്. ജര്‍മനിക്കെതിരെയുള്ള അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അട്ടിമറി വിജയം നേടാനും ദക്ഷിണ കൊറിയക്ക് സാധിച്ചിരുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നടന്ന ബ്രസീല്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സമാനമായ രീതിയില്‍ താരങ്ങള്‍ക്ക് നേരെ ആരാധകര്‍ മുട്ടായി എറിഞ്ഞിരുന്നു. 

Content Highlights; Korean FA will not press charges against fans who threw eggs