മോസ്ക്കോ: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാന്‍ ഒരുങ്ങുന്നതിനു മുന്‍പ് ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കര്‍. റഷ്യന്‍ ലോകകപ്പിലെ മികച്ച താരം കാന്റെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഈ ചെല്‍സി മിഡ്ഫീല്ഡറുടെ സ്വാധീനം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡ്ഫീല്‍ഡില്‍ സ്ഥിരത പുലര്‍ത്തുന്ന പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാന്റെയുടേത്. ഈ പ്രകടനങ്ങളോടെ അദ്ദേഹം ടൂര്‍ണമെന്റിന്റെ താരമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെയുള്ള കാന്റെയുടെ പ്രകടനം വളരെ മികച്ചതാണ്. കാന്റെ ഉണ്ടെങ്കില്‍ 12 കളിക്കാരുമായാണ് ഫ്രാന്‍സ് കളത്തിലിറങ്ങുക. അദ്ദേഹം തന്നെ രണ്ട് മിഡ്ഫീല്‍ഡര്‍മാര്‍ക്ക് തുല്യമാണ്. കളിതുടങ്ങിയാല്‍ എല്ലായിടത്തും നിങ്ങൾക്ക് കാന്റേയെ കാണാം.
എതിര്‍നിരയിലെ പ്രതിരോധത്തിലെ വിടവ് കണ്ടെത്തി കൃത്യമായി പാസ് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ മികവ് അതിശയകരമാണ്. കാന്റെ ടീമിലുണ്ടെങ്കില്‍ അത് ഫ്രാന്‍സിനു നല്കുന്ന മുന്‍തൂക്കം അത്രയക്ക് വലുതാണ്. ഫ്രാന്‍സ് ടൂര്‍ണമെന്റ് ഫേവറിറ്റുകളാകാനുള്ള കാരണങ്ങളിലൊന്നും കാന്റെയുടെ സാന്നിധ്യമാണെന്നും ഗാരി ലിനേക്കര്‍ അഭിപ്രായപ്പെട്ടു.
മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ശൈലിയാണ് കാന്റെയുടേത്. മത്സരത്തിന്റെ ആദ്യ മിനുട്ട് മുതല്‍ അവസാന മിനുട്ട് വരെ ഒരേ ഊര്‍ജ്ജത്തില്‍ കളിക്കുന്ന താരം. കാന്റെ നടത്തുന്ന ഇന്റര്‍സെപ്ഷനുകള്‍ എടുത്തുപറയേണ്ടതു തന്നെയാണ്. അസാധ്യമെന്നു കരുതുന്ന പന്തുകള്‍ പോലും അദ്ദേഹം അദ്ദേഹം പിടിച്ചെടുക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും ലിനേക്കര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ യൂറോക്കപ്പ് ഫൈനലില്‍ ഫ്രാന്‍സിന്റെ തോല്‍വിക്കു കാരണം കാന്റെയുടെ അസാന്നിധ്യമായിരുന്നെന്നും ലിനേക്കര്‍ പറഞ്ഞു. അന്ന് കാന്റെ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഫ്രാന്‍സ് തോല്‍ക്കുമായിരുന്നില്ലെന്നും ലിനേക്കര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: kante has been the world cups best player says lineker