സ്‌റ്റേഡിയത്തില്‍ പോയി കളികാണാനുള്ള വിലക്ക് മാറ്റണമെന്ന് ഇറാനിയന്‍ വനിതകള്‍. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് എഴുത്തുകാര്‍, അഭിനേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകള്‍ എന്നിവരടങ്ങിയ സംഘം ഫിഫക്ക് കത്തെഴുതി. 

ബുധനാഴ്ച നടക്കുന്ന സ്‌പെയിന്‍- ഇറാന്‍ മത്സരം സ്റ്റഡിയത്തില്‍ പോയി കാണാന്‍ ഇറാന്‍ വനിതകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അനുമതി നല്‍കുന്നത്. ഇറാനിലെ വനിതകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

എന്നാല്‍ ഒരു മത്സരം കാണാനുള്ള അനുമതിയല്ല, എല്ലാത്തരത്തിലുള്ള മത്സരങ്ങളും സ്റ്റേഡിയത്തില്‍ പോയി കാണാനുള്ള അനുവാദമാണ് വേണ്ടതെന്ന് ഫിഫയ്ക്ക് എഴുതിയ തുറന്ന കത്തില്‍ അവര്‍ വ്യക്തമാക്കി. 

ഇപ്പോള്‍ ലേകകപ്പ് നടക്കുകയാണ്. നാല് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് പുരുഷന്മാര്‍ക്കൊപ്പം സ്റ്റേഡിയത്തില്‍ കളികാണാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിരോധനം തുടരുന്നു എന്നതാണ് പ്രധാനം. ഇത്തരത്തില്‍ നിരോധനമുള്ള ഏകരാജ്യം ഇറാനായിരിക്കും-ചരിത്രകാരിയും എഴുത്തുകാരിയുമായ നീന അന്‍സാരി പറഞ്ഞു. 

സ്‌റ്റേഡിയത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ അസോസിയേഷനെ വിലക്കണമെന്നും ഇറാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്നും കത്തില്‍ അവര്‍ ആവശ്യപ്പെടു.