പാരിസ്: എതിരാളികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കി ലോകകപ്പ് സൗഹൃദ മത്സരത്തില്‍ ഇറ്റലിക്കെതിരേ ആധികാരിക ജയം നേടി ഫ്രാന്‍സ്. ബാഴ്‌സലോണ താരം ഔസ്മാന്‍ ഡിംബാലയുടെ ത്രസിപ്പിക്കുന്ന ഗോള്‍ കണ്ട മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം.

മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയയെ ബോസ്നിയ ഇതേ ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെടുത്തി. അതേ സമയം ടുണീഷ്യ- തുര്‍ക്കി, ഈജിപ്ത്-കൊളംബിയ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. രണ്ടു വീതം ഗോളുകള്‍ നേടിയാണ് ടുണീഷ്യ- തുര്‍ക്കി മത്സരം സമനിലയില്‍ കലാശിച്ചതെങ്കില്‍ ഗോള്‍രഹിത സമനിലയായിരുന്നു ഈജിപ്ത് കൊളംബിയ പോരാട്ടം.

മറ്റൊരു ബാഴ്‌സ താരം സമൂവ ഉമിറ്റിയാണ് എട്ടാം മിനിറ്റില്‍ തന്നെ ഇറ്റലിക്കെതിരേ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ അന്റോണിയെ ഗ്രിസ്മാനാണ് രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്തത്. ലുകാസ് ഹെര്‍ണാണ്ടസിനെ പെനാല്‍റ്റി ബോക്‌സില്‍വെച്ച് റോളണ്ടോ മന്‍ഡ്രാഗൊര ഫൗള്‍ ചെയ്തതിനാണ് റഫറി ഫ്രാന്‍സിന് പെനാല്‍റ്റി കിക്കനുവദിച്ചത്.

അഞ്ച് മിനിറ്റനകം ഇറ്റലിക്കായി ലിയാര്‍ഡൊ ബൊണൂസ്സി ഒരു ഗോള്‍ മടക്കിയെങ്കിലും മത്സരാന്ത്യംവരെ അതില്‍ കൂടുതലൊന്നും നേടാന്‍ അവര്‍ക്കായില്ല. 63-ാം മിനിറ്റിലായിരുന്നു ഡിംബാലയുടെ തകര്‍പ്പന്‍ ഗോള്‍.

Content Highlights: International Friendlies Wrap: France outclass Italy, South Korea beaten