കസാന്‍: കസാന്‍ അരീന ഇനി ഒരു കണ്ണീര്‍ ചരിത്രത്തിന്റെ ഏടാണ്. ജോക്കിം ലോവിന്റേയും സംഘത്തിന്റേയും കണ്ണീര് വീണ കളിനിലം. ദക്ഷിണ കൊറിയക്കെതിരെ വിജയിച്ച് പ്രീ ക്വാര്‍ട്ടറിലെത്താന്‍ വന്ന് ഒടുവില്‍ രണ്ട് ഗോളിന് തോറ്റ് നിരാശരായി മടങ്ങേണ്ടി വന്നിരിക്കുന്നു. നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധി ജര്‍മനിക്കും മറികടക്കാനായില്ല. 2010-ല്‍ ഇറ്റലിക്കും 2014ല്‍ സ്‌പെയിനിനും സംഭവിച്ചത് 2018ല്‍ ജര്‍മനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജര്‍മനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജര്‍മനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്.

ജര്‍മനി അവസരങ്ങള്‍ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ വീണ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി തോറ്റ് പുറത്തായത്. 93-ാം മിനിറ്റില്‍ കിം യങ് ഗ്വോനും 96-ാം മിനിറ്റില്‍ സോന്‍ ഹ്യൂങ്-മിന്നുമാണ് കൊറിയയുടെ ചരിത്രം കുറിച്ച ഗോളുകള്‍ നേടിയത്. അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും അടിച്ച് മെക്‌സിക്കോയെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള ശ്രമത്തിലായിരുന്നു ജര്‍മനി. ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ കൂടി കളിക്കാനിറങ്ങിയതോടെ കൊറിയ രണ്ട് എണ്ണം പറഞ്ഞ ഗോള്‍ ജര്‍മനിയുടെ വലയിലെത്തിച്ചു.  ഒപ്പം ജര്‍മനിയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും ദക്ഷിണ കൊറിയക്ക് സ്വന്തമായി.

കോര്‍ണറില്‍ നിന്ന് ജര്‍മനിയുടെ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ആദ്യ ഗോള്‍ വന്നത്.  93-ാം മിനിറ്റില്‍ കിം യൗങ് ഗ്വാന്റെ ഷോട്ട് വലയിലെത്തിയപ്പോള്‍ കൊറിയക്കാര്‍ ആഹ്ലാദം തുടങ്ങി. പക്ഷേ ലൈന്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. ഒടുവില്‍ കൊറിയ വാറിന് കൊടുത്തു. വാറില്‍ കൊറിയക്ക് അനുകൂലമായ വിധി. ജര്‍മനിയുടെ പ്രതീക്ഷ തല്ലിക്കെടുത്തി കൊറിയ ലീഡെടുത്തു. മൂന്ന് മിനിറ്റിന് ശേഷം കൊറിയ വീണ്ടും വല ചലിപ്പിച്ചു. ഇത്തവണ അവസാന അടവെന്ന നിലയില്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇറങ്ങിക്കളിച്ചതോടെ ജര്‍മനിയുടെ പോസ്റ്റ് ഒഴിഞ്ഞുകിടന്നു. ഈ അവസരം മുതലെടുത്ത് സോങ് ഹ്യൂങ് മിന്‍ വല ചലിപ്പിച്ചു. കൊറിയ 2-0 ജര്‍മനി.

ആദ്യ പകുതിയില്‍ റൂസിന്റേയും തിമോ വെര്‍ണറുടേയും ആക്രമണത്തിന്റെ മുനയൊടിച്ച ദക്ഷിണ കൊറിയ ജര്‍മന്‍ പ്രതിരോധത്തെ പരീക്ഷിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കളി തുടങ്ങി 11-ാം മിനിറ്റില്‍ തന്നെ ജര്‍മനിക്ക് അനുകൂലമായ ഫ്രീ കിക്ക് ലഭിച്ചു. പക്ഷേ ടോണി ക്രൂസെടുത്ത ആ കിക്ക് ദക്ഷിണ കൊറിയയുടെ പ്രതിരോധം ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. പിന്നീട് 33-ാം മിനിറ്റില്‍ റൂസിന് മികച്ചൊരവസരം ലഭിച്ചു. ബോക്സിനുള്ളില്‍ റൂസിന്റെ ഹാഫ് വോളിക്ക് കൊറിയന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. 43-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍ ഗോളിന് അടുത്തെത്തിയതാണ്. ഹെക്ടര്‍ നല്‍കിയ പാസ്സില്‍ വെര്‍ണറടിച്ച ആ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയി. 

19-ാം മിനിറ്റില്‍ ദക്ഷിണ കൊറിയ ജര്‍മന്‍ ഗോള്‍കീപ്പര്‍ ന്യൂയറിനെ പരീക്ഷിച്ചു. യങ്ങിന്റെ ഫ്രീ കിക്ക് ന്യൂയറിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയി. പക്ഷേ റീബൗണ്ടിന് തൊട്ടുമുമ്പ് ന്യൂയര്‍ വീണ്ടും ഇടപെട്ടു ജര്‍മനിയെ രക്ഷപ്പെടുത്തി. 

ഗ്രൂപ്പ് എഫില്‍ നിന്ന് ആറു പോയിന്റുമായി സ്വീഡന്‍ ചാമ്പ്യന്‍മാരായി. ആറു പോയിന്റ് തന്നെയുള്ള മെക്‌സിക്കോയെ ഗോള്‍ശരാശരിയില്‍ പിന്തള്ളിയാണ് സ്വീഡന്‍ ഒന്നാമതെത്തിയത്. മെക്‌സിക്കോ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ അവസാന സ്ഥാനക്കാരായാണ് ലോകചാമ്പ്യന്‍മാരായ ജര്‍മനിയുടെ മടക്കം. ജര്‍മനിക്കും കൊറിയക്കും മൂന്നു പോയിന്റാണെങ്കിലും ജര്‍മനി ഗോള്‍ശരാശരിയില്‍ പിന്നിലായിപ്പോയി.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..