മ്യൂണിക്: ലോകകപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ജര്‍മന്‍ ടീമിന് നാണക്കേടായി ക്യാമ്പിലെ തമ്മിലടി. പ്രതിരോധനിര താരങ്ങളായ അന്റോണിയോ റുഡിഗറും ജോഷ്വ കിമ്മിച്ചുമാണ് ചീത്തവിളിച്ച് കൈയാങ്കളിക്ക് മുതിര്‍ന്നത്. സഹപരിശീലകന്‍ മിറാസ്ലാവ് ക്ലോസെ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.

ചെല്‍സി താരം റുഡിഗറും ബയറണ്‍ മ്യൂണിക്കിന്റെ കിമ്മിച്ചും പരസ്പരം തല മുട്ടിച്ചുനില്‍ക്കുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശീലകന്‍ ജോക്കീം ലോവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, മുതിര്‍ന്ന താരം മാറ്റ് ഹമ്മല്‍സ് സംഭവത്തെ നിസ്സാരവത്കരിച്ചു. അസാധാരണമായൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ കഠിനമായി ശ്രമിക്കുകയാണെന്നുമാണ് ഹമ്മല്‍സ് പ്രതികരിച്ചത്.

അതിനിടെ പരിശീലനവേളയില്‍ വിങ്ങര്‍ ജൂലിയന്‍ ഡ്രാസ്ലറുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഇടിയേറ്റു. ഏറെനേരത്തെ ശുശ്രുഷയ്ക്കുശേഷമാണ് താരം മടങ്ങിയെത്തിയത്. ജൂണ്‍ നാലിന് ജര്‍മനി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കും.

Content Highlights: Germany pair Joshua Kimmich and Antonio Rudiger butt heads in training camp