സോച്ചി: മരണമഖത്ത് നിന്ന് ജർമനി ലോകകപ്പിലേയ്ക്ക് തിരിച്ചുവന്നു. അവസാന വിസിലിന് കഷ്ടിച്ച് ഒരു മിനിറ്റ് മാത്രമുള്ളപ്പോൾ ട്രോണി ക്രൂസ് എടുത്ത സ്വപ്നതുല്ല്യമായ ഒരു ക്രോസാണ് ജർമനിയുടെ ജാതകം തിരുത്തിയെഴുതിയത്. നിർണായകമായ ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിന് സ്വീഡിനെ പരാജയപ്പെടുത്തിയ ചാമ്പ്യന്മാരുടെ പ്രീക്വാർട്ടർ പ്രതീക്ഷ വീണ്ടും ജീവൻവച്ചു. രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുണ്ടെങ്കിലും ദക്ഷിണ കൊറിയക്കെതിരായ അടുത്ത മത്സരവും മെക്സിക്കോ-സ്വീഡൻ മത്സരവും നിർണായകമായിരിക്കുകയാണ് ജോക്കിം ലോയു​ടെ ടീമിന്.

മുപ്പത്തിരണ്ടാം മിനിറ്റിൽ തന്നെ സ്വീഡൻ അപ്രതീക്ഷിതമായ ഒരു ഗോൾ കൊണ്ട് ജർമനിയെ ഞെട്ടിച്ചു. ടോയ്​വോനനാണ് ജർമൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഒരു ഗോൾ തൊടുത്തത്. രണ്ടാം പകുതിയിൽ, നാൽപത്തിയെട്ടാം മിനിറ്റിൽ മാർക്കോ റൂസിലൂടെ ജർമനി തിരിച്ചുവന്നു. സമനില പോലും ആത്മഹത്യാപരമാവുമായിരുന്ന ജർമനിക്ക് ജെറോം ബോട്ടെങ്ങിന്റെ ചുവപ്പ് കാർഡിന്റെ രൂപത്തിൽ ദുർവിധി പിന്നെയും പിടികൂടി. എന്നാൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇടതു ഭാഗത്ത് നിന്ന് ടോണി ക്രൂസ് തൊടുത്ത ഒരു ഫ്രീകിക്ക് ജർമൻ ആരാധകരുടെ സ്വപ്നവും പേറി വളഞ്ഞുപുളഞ്ഞ് നേരെ സ്വീഡിഷ് വലയിൽ. ചാരത്തിൽ നിന്ന് ഉയർന്നുവന്നൊരു ജർമൻ ജയം.

ജർമനി നിരന്തരമായ ആക്രമണങ്ങളും സ്വീഡൻ  ഒട്ടനവധി പ്രത്യാക്രമണങ്ങളും നടത്തുമ്പോഴായിരുന്നു മുപ്പത്തിരണ്ടാം മിനിറ്റിൽ ടോയ്​വോനന്റെ ഗോൾ.  ക്ലാസൺ  പൊക്കിക്കൊടുത്ത പന്ത് പിടിച്ചെടുത്ത ടോയ്​വോനൻ ഗോളി ന്യൂയറുടെ തലയുടെ മുകളിലൂടെ വലയിലേയ്ക്ക് കോരിയിടുകയായിരുന്നു. നല്ല ഒന്നാന്തരം ഗോളില്‍ സ്വീഡൻ മുന്നിൽ.

എന്നാൽ, രണ്ടാം പകുതിയിൽ ജർമനി അടവു മാറ്റി. ഡ്രാക്സലർക്ക് പകരം ഗോമസിനെ ഇറക്കി ആക്രമണത്തിന്റെ മൂർച്ച കൂട്ടി. ഇതിന്റെ ഫലവും കണ്ടു. നാൽപത്തിയെട്ടാം മിനിറ്റിൽ മാർക്കോ റൂസിലൂടെയായിരുന്നു സ്വീഡന്‌ തിരിച്ചടി.

ബോക്സിന്റെ ഇടതുഭാഗത്ത് നിന്ന് വെർണർ കൊടുത്ത പന്ത് നാല് സ്വീഡിഷ് ഡിഫൻഡർമാരുടെ ഇടയിലൂടെ ചാട്ടൂളി കണക്ക് പോയാണ് പോസ്റ്റിന് മുന്നിലെത്തിയത്. ഡിഫൻഡറോട് മത്സരിച്ച് ചാടി ആ ചാട്ടത്തിൽ തന്നെ ഇടതുകാൽ കൊണ്ട് പന്ത് നെറ്റിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു റൂസ്.

 എൺപത്തിരണ്ടാം മിനിറ്റിൽ ജെറോം ബോട്ടെങ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ ജർമനി പത്തു പേരായി ചുരുങ്ങി. ജർമൻകാരുടെ പ്രാണൻ പറന്നുപോയ നിമിഷം. ആശങ്ക വ്യക്തമായിരുന്നു കോച്ച് ജോക്കിം ലോയുടെ സങ്കടമിരമ്പുന്ന മുഖത്ത്. എന്നാൽ, സകലരെയും ഞെട്ടിച്ചുകൊണ്ട് ജിമ്മി ദര്‍മാസ ജർമനിക്ക് ഒരു ഫ്രീകിക്ക് സമ്മാനിച്ചു. ക്രൂസിന്റെ കിക്ക് ചെന്നു പതിച്ചത് ഒരു ജനതയുടെ സ്വപ്നത്തിലും.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌

LIVE BLOG STATISTICS LINE-UPS

Loading Live Blog..