എക്കാറ്റരിന്‍ബര്‍ഗ്: ഗ്രൂപ്പ് സിയിലെ ആദ്യ കളിയില്‍ ജയത്തോടെ (2-1) മൂന്നുപോയന്റ് സ്വന്തമാക്കിയ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വ്യാഴാഴ്ച പെറുവിനെതിരേ ഇറങ്ങുന്നു. 8.30-നാണ് മത്സരം.

ജയിച്ചെങ്കിലും ഫ്രഞ്ച് ടീമിന് ആശ്വസിക്കാവുന്ന കളിയല്ല ആദ്യ മത്സരത്തില്‍ കണ്ടത്. അവരുടെ രണ്ടുഗോളുകളില്‍ ഒന്ന് പെനാല്‍ട്ടിയും മറ്റൊന്ന് സെല്‍ഫ്ഗോളുമാണ്.

അന്റോയ്ന്‍ ഗ്രീസ്മാനും ഓസ്മാനെ ഡെംബലെയും കൈലിയന്‍ എംബാപ്പെയുമായിരിക്കും അവരുടെ ശ്രദ്ധാകേന്ദ്രം. പക്ഷേ, സ്ട്രൈക്കര്‍ ഒളിവര്‍ ജിറൂഡിനെ ആദ്യ ഇലവനില്‍ത്തന്നെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

ആദ്യ മത്സരം തോറ്റ (0-1) പെറുവിന് ജയം അനിവാര്യമാണ്. ഡെന്മാര്‍ക്കിനെതിരേ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതാണ് അവര്‍ക്ക് വിനയായത്. ഈ മത്സരംകൂടി തോറ്റാല്‍ അവര്‍ പുറത്താവും.

ആദ്യ കളി ജയിച്ച ഡെന്മാര്‍ക്ക് ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വ്യാഴാഴ്ച ഓസ്ട്രേലിയക്കെതിരേ ഇറങ്ങുന്നു. ഗ്രൂപ്പ് സിയിലെ മത്സരം 5.30-നാണ്.

പെറുവിനെ തോല്‍പ്പിച്ച (1-0) ആത്മവിശ്വാസത്തിലാണ് ഡെന്മാര്‍ക്ക് ഇറങ്ങുന്നത്. ഫ്രാന്‍സിനോടേറ്റ തോല്‍വിയുടെ(1-2) കറ കഴുകാനായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം.