പാരീസ്: ഫ്രഞ്ച് ടീമൊന്നാകെ ലോകകപ്പ് വിജയം ആഘോഷിക്കുമ്പോള്‍ ട്രോഫിയില്‍ ഒന്നു തൊടാന്‍ പോലും മടിച്ചു നിന്നൊരു താരമുണ്ടായിരുന്നു. എന്‍ഗോളോ കാന്റെ. പൊതുവേ നാണം കുണുങ്ങിയായ കാന്റെ ഫ്രാന്‍സിന്റെ വിജയത്തിലെ നിശബ്ദ പോരാളിയാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എതിര്‍ ടീമുകളുടെ നീക്കത്തിന്റെ മുനയൊടിക്കുന്നതില്‍ മിടുക്കന്‍. 

അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ കുതിപ്പിന് പലപ്പോഴും വിലങ്ങുതടിയായതും കാന്റെയാണ്. കിരീടവുമായി ഫ്രാന്‍സ് പാരീസിലെത്തിയപ്പോള്‍ കാന്റെയെ സഹതാരങ്ങള്‍ പ്രശംസ കൊണ്ട്മൂടി. പ്രിയപ്പെട്ട സുഹൃത്തിന് വ്യത്യസ്തമായ സമ്മാനമാണ് ടീം ഒരുക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക അതിഥികളായി അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴായിരുന്നു ഈ സമ്മാനം.

സഹതാരങ്ങളെല്ലാം ഉയരത്തില്‍ കുഞ്ഞനായ കാന്റെയെ ചേര്‍ത്തുപിടിച്ചപ്പോള്‍ പാട്ട് പാടിയാണ് പോഗ്ബ കാന്റെയെ അഭിനന്ദിച്ചത്. 'ഓ കാന്റെ, പ്രിയപ്പെട്ടവനേ, മെസ്സിയെ പിടിച്ചുനിര്‍ത്തിയവനേ...' എന്നിങ്ങനെ നീളുന്നതായിരുന്നു പോഗ്ബയുടെ പാട്ടിലെ വരികള്‍. സഹതാരങ്ങളും പരിശീലകന്‍ ദെഷാംപ്‌സും പോഗ്ബയുടെ പാട്ട് ഏറ്റുപാടി. കൂട്ടുകാരുടെ സ്നേഹത്തിന് പതിവു പോലെ നിറഞ്ഞ ചിരിയാണ് കാന്റെ തിരിച്ചുനല്‍കിയത്.

Content Highlights: France squad sing N’Golo Kante chant as they arrive for red carpet reception