ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനു തോറ്റതിനു പിന്നാലെ ഫ്രാന്‍സിന്റെ കളിയോടുള്ള സമീപനത്തെ വിമര്‍ശിച്ച് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കുര്‍ട്ടോയ്സ്. ഫ്രാന്‍സ് മോശം ഫുട്ബോള്‍ കളിച്ചുവെന്നായിരുന്നു കുര്‍ട്ടോയ്സിന്റെ ആരോപണം.
സെമിഫൈനലില്‍ ഫ്രഞ്ച്നിരയുടെ സമീപനം തീര്‍ത്തും മോശമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച തുടക്കമായിരുന്നു ബെല്‍ജിയത്തിന്റേത്. മത്സരത്തിലുടനീളം മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫ്രാന്‍സിന്റെ അമിത പ്രതിരോധം അവരെ പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
അവര്‍ മോശം ഫുട്ബോള്‍ കളിക്കുന്ന ടീമാണ്. അവരുടെ സ്ട്രൈക്കര്‍ പോലും സ്വന്തം ഗോള്‍ പോസ്റ്റിന് 30 മീറ്റര്‍ ദൂരത്ത് മാത്രമാണ് നിലയുറപ്പിച്ചിരുന്നത്, സ്പോര്സ മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ കുര്‍ട്ടോയ്സ് ചൂണ്ടിക്കാട്ടി.
ക്വാര്‍ട്ടറില്‍, ടൂര്‍ണമെന്റ് ഫേവറിറ്റുകളായിരുന്ന ബ്രസീലിനെ തോല്‍പ്പിച്ചാണ് ബെല്‍ജിയം സെമിബര്‍ത്ത് ഉറപ്പിച്ചത്. എന്നാല്‍ ബ്രസീലിനോട് തോറ്റിരുന്നെങ്കില്‍ പോലും തങ്ങള്‍ക്ക് ഇത്ര പ്രശ്നമില്ലായിരുന്നു എന്നാണ് കുര്‍ട്ടോയ്സിന്റെ അഭിപ്രായം. കളിയോടുള്ള ബ്രസീലിന്റെ സമീപനത്തെ മുന്‍നിര്‍ത്തിയായിരുന്നു കുര്‍ട്ടോയ്സിന്റെ കമന്റ്.
ഒരു കോര്‍ണര്‍ ഫ്രാന്‍സ് ലക്ഷ്യത്തിലെത്തിച്ചു, എന്നാല്‍ പിന്നീട് പ്രതിരോധിച്ചതല്ലാതെ അവര്‍ കളിയുലുടനീളം മറ്റൊന്നിനും മുതിര്‍ന്നില്ല കുര്‍ട്ടോയ്സ് ചൂണ്ടിക്കാട്ടി.
സെമിയില്‍ ബാഴ്സ ഡിഫന്‍ഡര്‍ സാമുവല്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ ഗോളില്‍ ബെല്‍ജിയത്തെ മറികടന്നാണ് ഫ്രാന്‍സ് ഫൈനലുറപ്പിച്ചത്. 51-ാം മിനിറ്റിലായിരുന്നു ഗോള്‍. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചിരുന്നു.
content highlights: france, fifa world cup 2018, thibaut courtois