മോസ്ക്കോ: ഇരുപത് വർഷത്തിനുശേഷം ലോക ഫുട്ബോളിൽ വീണ്ടും ഫ്രഞ്ച് വസന്തം. ഗോളുകൾ മഴയായി പെയ്ത മോസ്‌ക്കോ ലുഷ്‌നിക്കി സ്റ്റേഡിയത്തിലെ  കലാശപ്പോരിൽ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകർത്താണ് ഫ്രാൻസ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.

1998ൽ പാരിസിൽ ബ്രസീലിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകർത്തായിരുന്നു ഫ്രാൻസ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയർ ദേഷാംപ്സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകൻ. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്സ്.

പതിനെട്ടാം മിനിറ്റിൽ മാൻസൂക്കിചിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസ് ആദ്യം ലീഡ് നേടിയത്. ഇരുപത്തിയെട്ടാം മിനിറ്റിൽ പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. എന്നാൽ, മുപ്പത്തിയെട്ടാം മിനിറ്റിൽ ഗ്രീസ്മൻ പെനാൽറ്റിയിലൂടെ ഫ്രാൻസിനെ വീണ്ടും മുന്നിലെത്തിച്ചു. അമ്പത്തിയൊൻപതാം മിനിറ്റിൽ പോൾ പോഗ്ബ ഫ്രാൻസിന്റെ ലീഡുയർത്തി. അറുപത്തിയഞ്ചാം മിനിറ്റിൽ എംബാപ്പ നാലാം ഗോൾ വലയിലാക്കി. അറുപത്തിയൊൻപതാം മിനിറ്റിൽ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് മാൻസൂക്കിച്ച് ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഫലമുണ്ടായില്ല.

അതേസമയം കന്നിക്കിരീടം മോഹിച്ചിറങ്ങിയ ക്രൊയേഷ്യ തല ഉയര്‍ത്തി തന്നെയാണ് റഷ്യ വിടുന്നത്. രണ്ടാം സ്ഥാനത്തോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് റഷ്യയില്‍ മോഡ്രിച്ചും കൂട്ടരും സ്വന്തമാക്കിയത്. പതിവുപോലെ പന്തടക്കത്തിലെയും പാസിലെയും ആധിപത്യം ഇന്നും മത്സരഫലം നിര്‍ണിയിച്ചില്ല. 61 ശതമാനം ബോള്‍ പൊസിഷന്‍ ലഭിച്ചിട്ടും നാല് ഗോളുകള്‍ വഴങ്ങി രണ്ട് ഗോളുകള്‍ തിരിച്ചടിക്കാനെ ക്രൊയേഷ്യയ്ക്ക് സാധിച്ചുള്ളു. എങ്കിലും ഫൈനല്‍ വരെ മികച്ച ഫുട്‌ബോള്‍ പുറത്തെടുത്ത് 2022 ഖത്തര്‍ ലോകകപ്പിനായി പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയാണ് ക്രോട്ടുകളുടെ മടക്കം.

കലാശപ്പോരില്‍ കാലിടറിയെങ്കിലും റഷ്യ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ബെല്‍ജിയത്തിന്റെ എഡന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ്. ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനാണ് ഗോള്‍ഡന്‍ ബൂട്ട്. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയം ഗോളി കുര്‍ട്ടേയ്ക്കും സ്വന്തമാക്കി.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS