സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കൃത്യം പന്ത്രണ്ട് കൊല്ലത്തിനും ആറു ദിവസത്തിനുംശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.

അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ സാമ്വൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.

ആക്രമണത്തിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിദ്രുത നീക്കങ്ങൾ കൊണ്ട് ഒരുപോലെ അവസരങ്ങൾ സൃഷ്ടിച്ചു ടീമുകൾ രണ്ടും. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലൻ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്.

നാഡർ ചാഡ്​ലിയുടെ ഒരു കോർണറിനുശേഷം ആല്‍ഡര്‍വയ്റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണർ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. സത്യത്തിൽ ലോറിസിന്റെ കൈയിൽ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. യുറഗ്വായ്ക്കെതിരായ ക്വാർട്ടർഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.

ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സിന്റെ മിന്നല്‍ നീക്കങ്ങള്‍ ഫ്രാന്‍സിനെ ലീഡ് ഉയര്‍ത്താന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം ഭംഗിയായി പ്രതിരോധിച്ചു. ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു.

ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽ ചാമ്പ്യന്മരായി. 2006ൽ റണ്ണറപ്പുകളും. ഇംഗ്ലണ്ട്-ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട്‌ ഏറ്റുമുട്ടും.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS