മോസ്‌ക്കോ: മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് നാലുപേര്‍. രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകളില്‍ ക്രൊയേഷ്യയുടെ രക്ഷകനായ ഡാനിയല്‍ സുബാസിച്ച്, ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്, ഇംഗ്ലണ്ടിന്റെ ജോര്‍ദന്‍ പിക്ഫോര്‍ഡ്, ബെല്‍ജിയത്തിന്റെ തിബൗട്ട് കുര്‍ട്ടോയിസ് എന്നിവരാണ് അവസാന നാലിലുള്ളത്.

ലോകകപ്പില്‍ ഇതുവരെ നാലു പെനാല്‍റ്റി കിക്കുകളാണ് സുബാസിച്ച് തടഞ്ഞിട്ടത്. താരത്തിന്റെ സേവുകളുടെ പിന്‍ബലത്തിലാണ് ക്രൊയേഷ്യ ഫൈനലിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍നിന്ന് 12 സേവുകളാണ് 33-കാരന്‍ നടത്തിയത്.

ആറു കളികളില്‍ നിന്ന് 22 സേവുകള്‍ നടത്തിയ ബെല്‍ജിയത്തിന്റെ കുര്‍ട്ടോയിസും പുരസ്‌കാരത്തിന് മുന്‍പന്തിയിലുണ്ട്. ബ്രസീലിനെതിരേ ക്വാര്‍ട്ടറില്‍ കുര്‍ട്ടോയിസിന്റെ തകര്‍പ്പന്‍ സേവുകളാണ് ബെല്‍ജിയത്തിനെ സെമിയിലെത്തിച്ചത്. ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസാണ് പട്ടികയിലുള്ള മറ്റൊരാള്‍. ക്വാര്‍ട്ടറില്‍ യുറഗ്വായ്ക്കെതിരേയും സെമിയില്‍ ബെല്‍ജിയത്തിനെതിരേയും നടന്ന മത്സരങ്ങളില്‍ വളരെ ബുദ്ധിമുട്ടേറിയ സേവുകളാണ് ലോറിസ് നടത്തിയത്.

അഞ്ച് കളികളില്‍നിന്ന് 11 സേവുകളാണ് ലോറിസിനുള്ളത്. ഇംഗ്ലണ്ടിന്റെ യുവഗോള്‍കീപ്പര്‍ ജോര്‍ദന്‍ പിക്ക്ഫോര്‍ഡും ഗോള്‍ഡന്‍ ഗ്ലൗ മത്സരത്തിനുണ്ട്. ആറു കളികളില്‍നിന്ന് 15 സേവുകള്‍ പിക്ഫോര്‍ഡിന്റെ പേരിലുണ്ട്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചത് പിക്ഫോര്‍ഡിന്റെ മിന്നുംസേവുകളിലാണ്. സ്വീഡനെതിരേ നടന്ന ക്വാര്‍ട്ടറിലും പിക്ഫോര്‍ഡ് ഗോളെന്നുറപ്പിച്ച സേവ് നടത്തിയിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ സേവുകളുള്ളത് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചാവോയുടെ പേരിലാണ്. നാലു കളികളില്‍ നിന്ന് 25 സേവുകള്‍. 2006 മുതല്‍ ലോകചാമ്പ്യന്മാരായ ടീമുകളുടെ ഗോള്‍കീപ്പര്‍മാര്‍ക്കേ പുരസ്‌കാരം ലഭിച്ചിട്ടുള്ളൂ. ബഫണ്‍ (2006), കസിയസ് (2010), മാനുവല്‍ ന്യൂയര്‍ (2014) എന്നിവര്‍ക്കാണ് മുന്‍പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Content Highlights: Four Goalkeepers competing for the Golden Glove World Cup 2018