മൊര്‍ഡോവിയ: ചുവപ്പു കാർഡ് ഇല്ലാതെ എന്ത് ലോകകപ്പ്. ആറാം ദിനം റഷ്യന്‍ ലോകപ്പിൽ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ടദ. കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിനായിരുന്നു ആ നിയോഗം. ജപ്പാനെതിരെയുള്ള മത്സരത്തിനിടെ ബോക്സിനുള്ളില്‍ പന്ത് കൈ കൊണ്ട് തടഞ്ഞതിന് മൂന്നാം മിനിറ്റില്‍ തന്നെ സാഞ്ചസ് ചുവപ്പ് കാര്‍ഡ് പുറത്താവുകയായിരുന്നു.
നേരിട്ട് ചുവപ്പ് കാര്‍ഡെടുത്ത റഫറി ഡാമിര്‍ സ്കോമിന പെനാല്‍റ്റി വിധിക്കുകയും ചെയ്തു. ഷിന്‍ജി കഗാവ വിജയകരമായി പെനാല്‍റ്റി കിക്കെടുത്ത് ആറാം മിനിറ്റില്‍ തന്നെ ജപ്പാന് മത്സരത്തില്‍ ആധിപത്യം നേടികൊടുത്തു.
2010 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഘാനയക്കെതിരെ ലൂയിസ് സുവാരസിന് പന്ത് കൈകൊണ്ട് പിടിച്ചതിന് ലഭിച്ച ചുവപ്പ് കാര്‍ഡിനെ അനുസ്മരിപ്പിക്കുംവിധമായിരുന്നു സാഞ്ചസിന്റ ഹാന്‍ഡ് ബോളും. ഷിന്‍ജി കഗാവയുടെ തന്നെ ഷോട്ടാണ് സാഞ്ചസ് കൈകൊണ്ട് തടുത്തത്.
ലോകകപ്പ് ചരിത്രത്തിലെ ഒരു കൊളംബിയന്‍ താരത്തിന് ആദ്യമായിട്ടാണ് ചുവപ്പ് കാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ 10 പേര്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതില്‍ ഏഴുപേര്‍ക്കും നേരിട്ടുള്ള ചുവപ്പായിരുന്നു. ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്രസീലുകാരാണ്. 11 താരങ്ങള്‍. 10 താരങ്ങള്‍ ചുവപ്പ് ലഭിച്ച് അര്‍ജന്റീന രണ്ടാമതും 9 പേരുമായി യുറുഗ്വായ് മൂന്നാം സ്ഥാനത്തുമുണ്ട്.
ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചത് 2006-ല്‍ പോര്‍ച്ചുഗല്‍-നെതര്‍ലന്‍ഡ് മത്സരത്തിനിടെയാണ്. ഇരു ടീമുകളില്‍ നിന്നും രണ്ട് പേര്‍ക്ക് വീതം ചുവപ്പ് കിട്ടി. ഈ മത്സരത്തില്‍ 16 തവണ മഞ്ഞ കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.
Content Highlights: First red card in fifa world cup 2018 russia-carlos sanches- colombia-japan