സമാറ: സൗദിയെയും ഈജിപ്തിനെയും നാണംകെടുത്തിയ ആതിഥേയർ ഒടുവിൽ യുറഗ്വായുടെ കാൽക്കരുത്ത് അറിഞ്ഞു. ലോകകപ്പ് ഫുട്ബോളിൽ സ്വപ്നതുല്ല്യമായ കുതിപ്പ് നടത്തിക്കൊണ്ടിരുന്ന റഷ്യ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യുറഗ്വായോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ആതിഥേയരുടെ തോൽവി. ഇതോടെ കളിച്ച മൂന്ന് കളിയും ജയിച്ച് ഒൻപത് പോയിന്റായ യുറഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. ആറ് പോയിന്റുള്ള റഷ്യ രണ്ടാമതാണ്.

സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നിവരിൽ ആരെങ്കിലുമാവും പ്രക്വാർട്ടറിൽ ഇവരുടെ എതിരാളികൾ. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ലൂയിസ് സുവാരസും 90-ാം മിനിറ്റില്‍ എഡിൻസൺ കവാനിയുമാണ് യുറഗ്വായുടെ സ്കോററർമാർ. ഒരു ഗോൾ 23-ാം മിനിറ്റില്‍ റഷ്യയുടെ ഡെന്നിസ് ചെറിഷേവിന്റെ സംഭാവനയാണ്, സെൽഫ് ഗോളിന്റെ രൂപത്തിൽ. മുപ്പത്തിയാറാം മിനിറ്റിൽ രണ്ടാം മഞ്ഞ കണ്ട് ഇഗോർ സ്മോൾനിക്കോവ് പുറത്തായതോടെ പത്തു പേരെയും വച്ചാണ് റഷ്യ കളിച്ചത്.

പത്താം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ലൂയിസ് സുവാരസിന്റെ ഗോൾ. ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് സുവാരസ് തൊടുത്ത ഫ്രീകിക്ക് പ്രതിരോധഭിത്തിയെയും ഗോളിയെയും മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. റഷ്യയ്ക്കുവേണ്ടി ഈ ലോകകപ്പിൽ ആദ്യഗോൾ നേടിയ ലൂറി ഗസിൻസ്കി കവാനിയെ ഫൗൾ ചെയ്തതിന് കിട്ടിയ കിക്കാണ് സുവാരസ് ലക്ഷ്യത്തിലെത്തിച്ചത്.

ഇരുപത്തിമൂന്നാം മിനിറ്റിൽ ഡീഗോ ലക്‌സാല്‍റ്റ് തൊടുത്ത ഒരു കിക്കാണ് ഗതി മാറി ഗോളായത്. ബോക്സിൽ നിൽക്കുകയായിരുന്ന ചെറിഷേവിന്റെ കാലിൽ തട്ടിയാണ് സെൽഫ് ഗോളായി സ്വന്തം വലയിൽ വീണത്. 90-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്ക് പോസ്റ്റിലേക്ക് തട്ടിയിട്ടായിരുന്നു കവാനിയിലൂടെ യുറഗ്വായുടെ മൂന്നാം ഗോള്‍. കോര്‍ണര്‍ ഗോഡിന്‍ പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും റഷ്യന്‍ ഗോളി അക്കിന്‍ഫീവ് സേവ് ചെയ്ത് തട്ടിയിട്ട ബോള്‍ മിന്നല്‍ നീക്കത്തിലൂടെ വലയിലേക്ക് കയറ്റിയാണ് കവാനിയുടെ ഗോള്‍.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Fifa WorldCup Uruguay Russia