മൊര്‍ഡോവിയ: റഷ്യ ലോകകപ്പിലെ അവസാന മത്സരത്തില്‍ ടുണീഷ്യക്ക് ജയത്തോടെ മടക്കം. പാനമയ്‌ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ടുണീഷ്യ ഈ ലോകകപ്പിലെ ആദ്യ വിജയം പിടിച്ചെടുത്തത്. ലോകകപ്പില്‍ 40 വര്‍ഷത്തിന് ശേഷം ടുണീഷ്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്‌. ആദ്യ പകുതിയില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു പാനമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ്, വഹാബി ഖാസ്‌രി എന്നിവരുടെ ബുട്ടില്‍ നിന്നായിരുന്നു ടുണീഷ്യയെ അവരുടെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഗോള്‍ പിറന്നത്‌.

തുടക്കം മുതല്‍ ടുണീഷ്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ 33-ാം മിനിറ്റിലായിരുന്നു മെറിയ നല്‍കിയ സെല്‍ഫ് ഗോളില്‍ പാനമ ലീഡ് പിടിച്ചത്. ടുണീഷ്യന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ടോറസിന്റെ പാസില്‍ ലൂയിസ് റോഡ്രിഗസ് തൊടുത്ത ഷോട്ട് മെറിയയുടെ ദേഹത്ത് തട്ടി ഗതി മാറി പോസ്റ്റിലെത്തുകയായിരുന്നു.

51-ാം മിനിറ്റില്‍ വഹാബി നല്‍കിയ പാസ് പോസ്റ്റിനുള്ളിലേക്ക് തട്ടിയിട്ട് ബെന്‍ യൂസഫിലൂടെ ടുണീഷ്യ ആദ്യ ഗോള്‍ നേടി. പിന്നാലെ 66-ാം മിനിറ്റില്‍ ഔസമ ഹദാദി വെച്ചുനീട്ടിയ പാസ് ആദ്യ ഗോളിന് വഴിവെച്ച വഹാബി ഖാസ്‌രി വലയിലെത്തിച്ച് ടുണീഷ്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.

പിന്നീടുള്ള 30 മിനിറ്റോളം ഗോള്‍ വഴങ്ങാതെ നോക്കാനും ടുണീഷ്യന്‍ പ്രതിരോധനത്തിന് സാധിച്ചു. വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ നിന്ന് മൂന്ന് പോയന്റോടെ മൂന്നാം സ്ഥാനക്കാരായി റഷ്യയില്‍ നിന്ന് മടങ്ങാന്‍ ടുണീഷ്യക്ക് സാധിച്ചു. അതേസമയം ആദ്യ ലോകകപ്പിനെത്തിയ പാനമയ്ക്ക് ഒരു മത്സരം പോലും വിജയിക്കാതെ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ടും അവസാന പതിനാറില്‍ സ്ഥാനം പിടിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌...

LIVE BLOG STATISTICS LINE-UPS

Loading Live Blog..