ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ കളിക്കുന്ന ടീമുകള്‍ക്ക് കളിക്കാരുടെ സസ്‌പെന്‍ഷനും പരിക്കും തിരിച്ചടിയാകുന്നു. ബ്രസീല്‍ താരം കാസെമിറോ, ഫ്രഞ്ച് മധ്യനിരക്കാരന്‍ ബ്ലെയ്സ് മറ്റിയൂഡി, സ്വീഡന്റെ മിക്വയ്ല്‍ ലാസ്റ്റിങ് എന്നിവര്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതോടെ കളിക്കാനുണ്ടാകില്ല. ഇതിനൊപ്പം ഭൂരിഭാഗം ടീമുകള്‍ക്കും പ്രമുഖകളിക്കാരുടെ പരിക്ക് പ്രതിസന്ധിയാകുന്നുണ്ട്.

മെക്സിക്കോയ്‌ക്കെതിരായ കളിയില്‍ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറില്‍ കാസെമിറോയുടെ സേവനം ബ്രസീലിന് നഷ്ടമായത്. ഫെര്‍ണാണ്ടീന്യോയാകും പകരക്കാരന്‍. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലെ മഞ്ഞക്കാര്‍ഡാണ് ബ്ലെയ്സ് മറ്റിയൂഡിക്ക് ക്വാര്‍ട്ടര്‍ഫൈനല്‍ നഷ്ടമാക്കിയത്. ഒസ്മാന ഡെംബലെയാകും പകരമിറങ്ങുന്നത്. സ്വീഡിഷ് താരം മിക്വയ്ല്‍ ലാസ്റ്റിങ്ങും രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതോടെ കളത്തിന് പുറത്തായി.

ബ്രസീല്‍ ടീമില്‍ മാഴ്സലോ, ഡാനിലോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ക്ക് പരിക്കുണ്ട്. ശാരീരികക്ഷമത വീണ്ടെടുത്ത കോസ്റ്റ കളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. യുറഗ്വായ് ടീമില്‍ സൂപ്പര്‍ താരങ്ങളായ എഡിന്‍സന്‍ കവാനി, ലൂയി സുവരാസ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. സുവാരസിന്റെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

ഇംഗ്ലീഷ് നിരയില്‍ കെയ്ല്‍ വാക്കര്‍, ജെയ്മി വാര്‍ഡി, ഡെലി അലി, അഷ്ലി യങ് എന്നിവര്‍ക്കാണ് പരിക്കുള്ളത്. ആതിഥേയരായ റഷ്യന്‍ ടീമില്‍  അലന്‍ സഗയേവ് പരിക്കുകാരണം ടീമിലില്ല. പരിചയസമ്പന്നനായ യൂറി ഷിര്‍ക്കോവിന് കളിക്കാന്‍ കഴിയുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.