നിഷ്‌നി: റഷ്യ ലോകകപ്പ് ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ കോസ്റ്ററീക്കയോട് സമനില വഴങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2-1 എന്ന നിലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വിജയത്തിലേക്ക് നീങ്ങിയ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലാണ് കോസ്റ്ററീക്ക സമനില പിടിച്ചെടുത്തത്. പെനാല്‍റ്റിയെടുത്ത ബ്രയന്‍ വൈയ്‌ഡോയുടെ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി പുറത്തേക്കിറങ്ങിയെങ്കിലും ഗോളി സൊമെറിന്റെ ദേഹത്ത് തട്ടി പന്ത് വലയില്‍ കടക്കുകയായിരുന്നു. 

മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ബ്ലെരിം സെമൈലിയുടെ ഗോളില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് ആദ്യം ലീഡെടുത്തത്. ബോക്സിനുള്ളില്‍ എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്തിട്ടാണ് സെമൈലി സ്വിസ് പടയ്ക്ക് ലീഡ് നല്‍കിയത്. പിന്നാലെ 56-ാം മിനിറ്റില്‍ കെന്‍ഡല്‍ വാട്സണിലൂടെയാണ് കോസ്റ്ററീക്ക തിരിച്ചടിച്ചു. കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വാട്സണ്‍ വലയിലെത്തിക്കുകയായിരുന്നു. 88-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഡ്രിമിക്കിന്റെ കാലില്‍ നിന്നായിരുന്നു സ്വിസ് പടയുടെ രണ്ടാം ഗോള്‍. വലതുവിങ്ങില്‍ നിന്നും സഖരിയ നല്‍കിയ പാസ് മികച്ച ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടായിരുന്നു ഡ്രിമിക്കിന്റെ ഗോള്‍. ഫൈനല്‍ വിസിലിന് സ്വിറ്റ്‌സര്‍ലന്‍ഡ് കാതോര്‍ത്തിരിക്കുമ്പോഴാണ് പെനാല്‍റ്റിയുടെ രൂപത്തില്‍ കോസ്റ്ററീക്കയ്ക്ക് രക്ഷകനെത്തിയത്. കാംബലിനെ സഖരിയ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. സൊമെറിന്റെ ഓണ്‍ ഗോളില്‍ കോസ്റ്ററീക്ക സമനില പിടിച്ചെടുക്കുകയും ചെയ്തു.

രണ്ട് സമനിലയും ഒരു വിജയവും സഹിതം അഞ്ചു പോയന്റോടെ ബ്രസീലിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ജൂലായ് മൂന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ സ്വീഡനാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളി. സെര്‍ബിയയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബ്രസീല്‍ ജൂലായ് രണ്ടിന് പ്രീക്വാര്‍ട്ടറില്‍ മെക്‌സിക്കോയെയും നേരിടും. 

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌

LIVE BLOG STATISTICS LINE-UPS

Loading Live Blog..