മോസ്‌ക്കോ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന്‍ ജയത്തോടെ തുടങ്ങി. തൊണ്ണൂറ് മിനിറ്റും പേശിബലത്തിന്റെ മാറ്റുരയ്ക്കല്‍ കണ്ട ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം.

അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ 
ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂ ബോക്‌സില്‍ വിക്ടര്‍ ക്ലാസണില്‍ നടത്തില്‍ കടുത്ത ടാക്ലിങ്ങാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു. വാറില്‍ വിധി സ്വീഡന് അനുകൂലമായി. കിക്കില്‍ ഗ്രാങ്ക്വിസ്റ്റിന് പിഴച്ചതുമില്ല.

നിലവാരമുള്ള കളി പുറത്തെടുക്കാന്‍ പാടുപെട്ട മത്സരത്തില്‍ പ്രതീക്ഷിച്ച പോലെ സ്വീഡന് തന്നെയായിരുന്നു മേല്‍ക്കൈ. നല്ല ബോള്‍ പൊസഷനും മികച്ച കൈമാറ്റങ്ങളുമെല്ലാമുണ്ടായിരുന്നു. എന്നാല്‍, കൊറിയക്കാരുടെ കടുത്ത ടാക്ലിങ്ങിനെ അതിജീവിക്കാന്‍ അവര്‍ക്കായില്ല. തടിയിട്ട് പൊടിയാക്കുന്ന മാര്‍ക്കിങ്ങായിരുന്നു കൊറിയയുടേത്. ഇതിനെ ഭേദിച്ച് ഗോളിലേയ്‌ക്കെത്താന്‍ സ്വീഡന് നന്നായി പാടു പെടേണ്ടിവന്നു. മധ്യനിരയിലെല്ലാം നല്ല മേല്‍ക്കൈ ലഭിച്ചെങ്കിലും അത് ഗോള്‍ ഏരയയില്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

തീര്‍ത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങള്‍. ചിലപ്പോഴൊക്കെ ഗോള്‍മുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകള്‍ ഉതിര്‍ത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാന്‍ പോന്നതായില്ല. അതിവേഗത്തിലുളള പ്രത്യാക്രമണങ്ങളായിരുന്നു അവരുടെ തറുപ്പുചീട്ട്. എന്നാല്‍, ഇതിന് ചിറകെട്ടാന്‍ സ്വീഡ മറന്നില്ല. ആക്രമണത്തില്‍ പ്രതീക്ഷിച്ച ഫോം പുലര്‍ത്താന്‍ കഴിയാതിരുന്ന സ്വീഡന്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.

ജർമനിയും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ജർമനിയെ അട്ടിമറിച്ച മെക്സിക്കോ മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്.

LIVE BLOG STATISTICS

Loading Data..

 

 

Content Highlights: Fifa World Cup Sweden South Korea WC2018