കസാന്‍: തൊണ്ണൂറും മിനിറ്റും വട്ടംകറങ്ങി. ഒടുവില്‍ വീണുകിട്ടിയ ഒരവസരത്തില്‍ ഒരു ഗോളടിച്ചു. മുന്‍ ചാമ്പ്യന്മാര്‍ അങ്ങനെ ഇറാന്റെ പ്രതിേരാധപൂട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ഈ ലോകകപ്പില്‍ പിടികൂടിയ സമനില പ്രേതത്തില്‍ നിന്നും.

ഭാഗ്യത്തിന്റെ അകമ്പടിയില്‍ വീണു കിട്ടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്‌പെയിനിന്റെ ആദ്യ ജയം.  ഇതോടെ പോര്‍ച്ചുഗലുള്ള ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്‍. 

ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ സ്‌പെയിനും പോര്‍ച്ചുഗലും രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോയെ വീഴ്ത്തിയ ഇറാന്‍ സ്‌പെയിനിനോട് തോല്‍വി വഴങ്ങിയതോടെ മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലുമായുള്ള അവരുടെ മത്സരം ഇതോടെ നിര്‍ണായകമായി. അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരിക്കണം മൂന്ന് ടീമുകള്‍ക്കും. മൊറോക്കോയുമായാണ് സ്‌പെയിനിന്റെ കളി. രണ്ട് കളികളും തോറ്റ മൊറോക്കോ പുറത്തായിക്കഴിഞ്ഞു.

54-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിനിന്റെ ആയുസ് നീട്ടിക്കൊടുത്ത ഗോള്‍ നേടിയത്. ഇനിയേസ്റ്റ് കൊടുത്ത പാസാണ് ഗോളിന് വഴിവച്ചത്. മാര്‍ക്ക് ചെയ്ത താരത്തില്‍ നിന്ന് കുതറിമാറി കോസ്റ്റ പന്ത് പിടിച്ചു. എന്നാല്‍, ഇറാന്റെ റാമിന്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. അതാണ് പിഴച്ചത്. പന്ത് കോസ്റ്റയുടെ കാലിലിടിച്ച് നെറ്റില്‍.

ഡീഗോ കോസ്റ്റയുടെ ഈ ലോകകപ്പിലെ മൂന്നാമത്തെ ഗോളാണ്. പോര്‍ച്ചുഗല്ലിനെതിരായ  മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ കോസ്റ്റ മൊത്തം ഗോള്‍വേട്ടയില്‍ ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തൊട്ടു പിറകില്‍ രണ്ടാമനാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു ഗോളാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. 

62-ാം മിനിറ്റില്‍ ഇറാന്‍ സമനില പിടിച്ചെന്ന് തോന്നിച്ചു. ഫ്രീ കിക്കില്‍ നിന്നുള്ള ആ ഗോളില്‍ ഇറാന്‍ താരങ്ങള്‍ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ ഗോള്‍ ഓഫ്‌സൈഡാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെയിന്‍ വാറിന് കൊടുത്തു. ഒടുവില്‍ വാറിന്റെ വിധി സ്‌പെയിന് അനുകൂലമായി വന്നു. ആ സ്വപ്‌ന നിമിഷം ഇറാന്‌ കണ്ണടച്ചും തുറക്കും വേഗത്തില്‍ നഷ്ടമായി. സ്‌കോര്‍ വീണ്ടും സ്‌പെയിന്‍ -1, ഇറാന്‍-0.

സ്പാനിഷ് സ്‌ട്രൈക്കര്‍മാരും ഇറാനിയന്‍ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായിരുന്നു തൊണ്ണൂറ് മിനിറ്റും നടന്നത്. തോറ്റെങ്കിലും വലിയൊരളവു വരെ സ്പാനിഷ് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇറാനിയന്‍ പ്രതിരോധഭടന്മാര്‍ക്ക് കഴിഞ്ഞു. സ്‌പെയിന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു ഒന്നാം പകുതിയില്‍. സകല അടവും പുറത്തെടുത്തിരുന്നു. പക്ഷേ, ഒന്നും ഇറാന്റെ മുന്നില്‍ വിലപ്പോയില്ല. അങ്ങേയറ്റം ക്ഷമയോടെ സ്പാനിഷ് മുന്നേറ്റനിരയുടെ ക്ഷമ അങ്ങേയറ്റം പരീക്ഷിച്ചാണ് ഇറാന്‍ ആദ്യ പകുതി വരെ ഗോളൊന്നും കുടുങ്ങാതെ നോക്കിയത്.

ഒന്നാം പകുതിയില്‍ സ്‌പെയിനിന് ഒരിക്കല്‍പ്പോലും നല്ലൊരുതുറന്ന അവസരവും ഉണ്ടാക്കിയെടുത്തില്ല. ഫെര്‍ണാണ്ടോ ഹിയറോയുടെ ആക്രമണ തന്ത്രങ്ങളുടെ മുനയന്ത്രയും ഒടിഞ്ഞുപോയ അവസ്ഥയായിരുന്നു. പോര്‍ച്ചുഗലിനെതിരെ രണ്ട് ഗോളുകള്‍ നേടിയ ഡേവിഡ് കോസ്റ്റയും ആകെ വലഞ്ഞ് വിഷണ്ണനായ അവസ്ഥയിലാണ് കളിച്ചത്. ഗോള്‍ ഏരിയയില്‍ കോസ്റ്റയെ അടുപ്പിക്കാതെ നോക്കി ഇറാന്റെ പ്രതിരോധക്കാര്‍.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌...

LIVE BLOG STATISTICS LINE-UPS

Loading Live Blog..