ടൂര്‍ണമെന്റ് ഫേവറിറ്റുകളായി ലോകകപ്പിനെത്തിയവരാണ് കാളപ്പോരിന്റെ നാട്ടുകാര്‍. എന്നാല്‍ യോഗ്യതാ റൗണ്ടില്‍ കാഴ്ചവെച്ച പ്രകടനത്തിന്റെ ഏഴയലത്തെത്താന്‍ സ്പെയിനിന് ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് അവരുടെ മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മധ്യനിരയാണ് എക്കാലവും സ്പെയിനിന്റെ കരുത്ത്. ഗ്രൂപ്പ് റൗണ്ടില്‍ മധ്യനിര നിരാശപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുയോളും റൗള്‍ ആല്‍ബിയോളുമൊക്കെ അണിനിരന്ന 2010-ലെ പ്രതിരോധ നിരയുടെ നിലവാരം റഷ്യയിലെത്തിയ സ്പാനിഷ് ടീമിനുണ്ടോ എന്നത് സംശയമാണ്. 

നായകന്‍ സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ, ജെറാഡ് പീക്കെ, ഡാനി കാര്‍വാജല്‍, നാച്ചോ എന്നിവര്‍ അണിനിരക്കുന്ന ഇപ്പോഴത്തെ പ്രതിരോധനിര കടലാസില്‍ പുലികളാണ്. എന്നാല്‍ ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങളിലായി എതിരാളികള്‍ സ്പാനിഷ് വലയില്‍ നിക്ഷേപിച്ചത് അഞ്ച് ഗോളുകളാണ്.

പോര്‍ച്ചുഗലിനും ഇറാനുമെതിരായ മത്സരങ്ങള്‍ക്കിടെ പലപ്പോഴും സ്പാനിഷ് പ്രതിരോധനിരയുടെ ദൗര്‍ബല്യം നമ്മള്‍ കണ്ടതാണ്. മൊറോക്കോ പോലും സ്പെയിനിനെതിരേ രണ്ടു ഗോളുകള്‍ നേടി. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ കൈകള്‍ പിഴയ്ക്കുന്നതും കണ്ടു. 

തങ്ങള്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ലെന്നും പ്രീ ക്വാര്‍ട്ടറില്‍ റഷ്യയ്ക്കെതിരായ മത്സരത്തിനു മുന്‍പ് സ്പാനിഷ് താരം തിയാഗോ അല്‍കാന്‍ഡ്ര തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 

അടുത്തകാലത്ത് ഗ്രൂപ്പ് റൗണ്ടില്‍ നാലു ഗോളുകളിലേറെ വഴങ്ങിയവര്‍ ഇതുവരെ ഒരു ടൂര്‍ണമെന്റിലും കപ്പുയര്‍ത്തിയിട്ടില്ലെന്ന ചരിത്രം ഓര്‍മപ്പെടുത്തിയത്, കഴിഞ്ഞ ദിവസം സ്പാനിഷ് ഡിഫന്‍ഡര്‍ ഡാനി കാര്‍വാജല്‍  തന്നെയാണ്. ''ഡിഫന്‍സിലെ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് പരിഹരിക്കേണ്ടതുണ്ട്. ഞങ്ങള്‍ എതിരാളികള്‍ക്ക് ഗോള്‍ നേടാന്‍ എളുപ്പത്തില്‍ അവസരമൊരുക്കുന്നു'', കാര്‍വാജല്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ സ്പാനിഷ് ഡിഫൻഡര്‍ കൂടിയായ കോച്ച് ഫെര്‍ണാണ്ടോ ഹിയറോയും മൊറോക്കോയ്ക്കെതിരായ മത്സരത്തിനിടെ ഇതേകാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പലപ്പോഴും റാമോസിനും പിക്വെയ്ക്കും ഒത്തിണക്കത്തോടെ കളിക്കാനാകുന്നില്ല. സ്പാനിഷ് ടീമിലെ വേഗക്കാരന്‍ ജോര്‍ഡി ആല്‍ബ വിങ്ങുകളിലൂടെ കയറിക്കളിക്കുമ്പോള്‍ ആ സ്ഥലം പലപ്പോഴും ഒഴിഞ്ഞു കിടക്കാറാണ് പതിവ്. ഈ പിഴവ് മുതലാക്കി മികച്ച വിങ്ങര്‍മാരുള്ള ടീമിന് മുന്നേറ്റം നടത്താന്‍ എളുപ്പവുമാണ്.

ഇത്തരത്തില്‍ ആക്രമിച്ചു കയറുന്ന റഷ്യന്‍ മുന്നേറ്റനിരയെ തളയ്ക്കാന്‍ ഇതുവരെയുള്ള പ്രകടനമാണ് ആവര്‍ത്തിക്കുന്നതെങ്കില്‍ സ്പാനിഷ് പ്രതിരോധനിരയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.