വോള്‍ഗോഗാര്‍ഡ്: റഷ്യയില്‍ നിന്ന് വിമാനം കയറുമ്പോള്‍ ഒരു വിജയം എന്നത് ഏതൊരു ടീമിന്റേയും ആഗ്രഹമാണ്. ഗ്രൂപ്പ് എയില്‍ ഈജിപ്തും സൗദി അറേബ്യയും കളിക്കാനിറങ്ങിയപ്പോള്‍ ഇരുടീമുകളുടേയും ആഗ്രഹം ഇതു തന്നെയായിരുന്നു. എന്നാല്‍ ഒടുവില്‍ കളി തീരുമ്പോള്‍ ആഗ്രഹം പൂര്‍ത്തീകരിച്ചത് സൗദി അറേബ്യയാണ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ തിരിച്ചടിക്കുകയായിരുന്നു സൗദി.

സലയെന്ന സൂപ്പര്‍ സ്റ്റാറിന്റെ പകിട്ടോടെ റഷ്യയിലെത്തിയ ഈജിപ്തിനെ ഇഞ്ചുറി ടൈമില്‍ ഞെട്ടിച്ച്് സൗദി ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഈജിപ്താകട്ടെ മൂന്നു തോല്‍വിയുമായാണ് റഷ്യയില്‍ നിന്ന് തിരിച്ചുപോകുന്നത്. ഇഞ്ചുറി ടൈമില്‍ ഈജിപ്ത്യന്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ സലേം അല്‍ ദോസരിയാണ് സൗദിയുടെ വിജയഗോള്‍ നേടിയത്. 95-ാം മിനിറ്റിലായിരുന്നു ഗോളിലേക്കുള്ള ഈ മനോഹരമായ നീക്കം. പോസ്റ്റിന്റെ വലതുഭാഗത്ത് നിന്ന് ഇടങ്കാല്‍ കൊണ്ട് സലേം അല്‍ ദോസരി ലക്ഷ്യം കണ്ടു. 2-1

1994 ന് ശേഷം  ലോകകപ്പിലെ സൗദിയുടെ ആദ്യം ജയം കൂടിയാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് സൗദിയും ഈജ്പ്തും നേരത്തെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് സൗദി മടങ്ങുക. തോല്‍വിയോടെ ഗ്രൂപ്പ് എ യില്‍ ഈജിപ്ത് ഏറ്റവും അവസാനവുമായി. 

മുഹമ്മദ് സലായുടെ ഒറ്റപ്പെട്ട ചില ആക്രമണങ്ങളൊഴികെ മത്സരത്തില്‍ ഈജിപ്തിനേക്കാള്‍ കളം നിറഞ്ഞ് കളിച്ചതും സൗദിയായിരുന്നു. 22-ാം മിനിറ്റില്‍ സലാ ലോകകപ്പിലെ തന്റെ രണ്ടാം ഗോള്‍ നേടി. അബ്ദുള്ള അല്‍ സെയ്ദ് ഈജിപ്ത് പ്രതിരോധ പകുതിയില്‍ നിന്ന് നീട്ടി നല്‍കിയ പന്ത് രണ്ടു സൗദി ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ കാലിലെടുത്ത് ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ പോസ്റ്റിലെത്തിക്കുകയായിരുന്നു. രണ്ട് മിനിറ്റുകള്‍ക്കം സലായ്ക്ക് സമാനമായ തുറന്ന അവസരം വീണ്ടും ലഭിച്ചെങ്കിലും ചിപ് ചെയ്തിട്ട പന്ത് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. 

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സൗദി ഈജിപ്തിനെ ഒപ്പം പിടിച്ചത്. 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി തുലച്ച സൗദിക്ക് വീണ്ടും 46-ാം മിനിറ്റിലും കിട്ടി വീണ്ടുമൊരവസരം. ഇത്തവണ സല്‍മാന്‍ അല്‍ഫറാര്‍ കിക്ക് വിജയകരമായി എടുത്ത് സൗദിക്ക് സമനില ഗോള്‍ നല്‍കിയത്.  

ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് വാറിലൂടെ രണ്ടാം പെനാല്‍റ്റി നിര്‍ണയിക്കപ്പെട്ടത്. സൗദി താരം ഫഹദിനെ അലി ഗാബര്‍ ബോക്‌സില്‍ പിടിച്ചുവെയ്ക്കുകയായിരുന്നു. അലി ഗാബറിന് മഞ്ഞക്കാര്‍ഡും സൗദിക്ക് പെനാല്‍റ്റിയും.1-1

സൗദിയുടെ അല്‍ ഷഹ്റാനിയുടെ ക്രോസ് പെനാല്‍റ്റി ബോക്സില്‍ വെച്ച് അഹമ്മദ് ഫാത്തിയുടെ കൈയില്‍ തട്ടിയതിനാണ് ആദ്യ പെനാല്‍റ്റി നല്‍കിയത്. എന്നാല്‍ ഫഹദിന്റെ കിക്ക് ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരമായ ഈജിപ്ത് ഗോളി എല്‍ഹദ്രി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ പെനാല്‍റ്റി കിക്ക് തടുക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ഇതോടെ എല്‍ഹദ്രിക്ക് ലഭിച്ചു.

മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെയാണ് സലേം അല്‍ ദോസരി അവസാന ഗോളും നേടി സൗദിക്ക് വിജയം സമ്മാനിച്ചത്.  ഈ ഗോളിന്റെ വിജായാഘോഷം കഴിഞ്ഞ് പന്ത് ടച്ച് ലൈനിലേക്കെത്തിച്ചതും റഫറി ഫൈനല്‍ വിസില്‍ മുഴക്കി.

സൗദിയുടെ ഈജിപ്തും ഉള്‍പ്പെട്ട എ ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി യുറുഗ്വായും രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ റഷ്യയുമാണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Fifa World Cup Saudi Egypt Mohamed Salah