മോസ്ക്കോ: ലോകകപ്പ് ഫുട്ബോളിന്റെ  പരിശീലനത്തിനിടെ പെറുവിന്റെ സ്ട്രൈക്കർ ജെഫേഴ്സൺ ഫർഹാന് തലയ്ക്ക് പരിക്കേറ്റു. പരിശീലനത്തിനിടെ സഹതാരവുമായി ഫർഹാൻ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കാണ്  പരിക്ക്.

ഖിമിക്കിയിൽ നടന്ന പരിശീലനത്തിനിടെ ഗോളിയുമായി കൂട്ടിയിടിച്ച് ഗ്രൗണ്ടിൽ ബോധമില്ലാതെ  വീണ ജെഫേഴ്സണെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതായി ടീം ഡോക്ർ ജൂലിയൻ സെഗ്യുര പറഞ്ഞു. എങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

 ലേക്കൊമോട്ടീവ് മോസ്ക്കോയുടെ താരമായ ജെഫേഴ്സൺ ഈ ലോകകപ്പിലെ ഡെൻമാർക്കിനെതിരായ  പെറുവിന്റെ ആദ്യ മത്സരത്തിൽ ഒന്നാം ഇലവനിൽ ഇടം പിടിച്ചിരുന്നു. ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്.

മുപ്പത്തിയാറ് വർഷത്തിനുശേഷം ലോകകപ്പ് കളിക്കുന്ന പെറു ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ചൊവ്വാഴ്ച ഓസ്ട്രേലിയക്കെതിരേയാണ് അവരുടെ അവസാന മത്സരം.

Content Highlights: Fifa World Cup Peru striker Jefferson Farfan Injured