മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ അലമ്പുണ്ടാക്കാന്‍ സാധ്യതയുള്ള ആയിരത്തിലധികം ഇംഗ്ലീഷ് തെമ്മാടികള്‍ റഷ്യയിലേക്ക് പോകുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞുവെച്ചു. ഇവരുടെ പാസ്‌പ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോ 2016-ല്‍ റഷ്യന്‍- ഇംഗ്ലീഷ് തെമ്മാടികള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 

റഷ്യയിലും ഇത് ആവര്‍ത്തിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ നടപടി. 1254 പേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് പതിനായിരത്തോളം ഫുട്‌ബോള്‍ ആരാധകര്‍ കളികാണാനായി റഷ്യയിലേക്ക് പോകുന്നുണ്ട്.

പിടിച്ചെടുത്തവരുടെ പാസ്‌പോര്‍ട്ട് വിട്ട്‌കൊടുക്കുന്നത് ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ട് ടീം പുറത്താകുന്നതിനനുസിരിച്ചിരിക്കും. മത്സരം അലങ്കോലപ്പെടാതിരിക്കാന്‍ ആതിഥേയരായ റഷ്യയും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. നിരവധി ഗുണ്ടകള്‍ക്ക് സ്റ്റേഡിയങ്ങള്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്കുണ്ട്.