വോള്‍ഗോഗ്രാഡ്: അർജന്റീനയെ വിറപ്പിച്ച ഐസ്​ലൻഡ് നൈജീര്യൻ കരുത്തിന് മുന്നിൽ ഉരുകിയൊലിച്ചു. ലയണൽ മെസ്സിയെ കത്രികപ്പൂട്ടിട്ടു പൂട്ടിയതിന്റെ ഊർജത്തിലിറങ്ങിയവർക്ക് ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഡിയിൽ കാലിടറി. പ്രീക്വാർട്ടറിൽ കണ്ണുനട്ട് വിജയമുറപ്പിച്ചിറങ്ങിയവർ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് നൈജീരിയയോട് തോറ്റത്.

അഹമ്മദ് മുസയുടെ ഇരട്ട ഗോളാണ് നൈജീരിയക്ക് ജീവൻ തിരിച്ചുനൽകിയ വിജയം സമ്മാനിച്ചത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ രണ്ടും പിറന്നത്.

 നാൽപത്തിയൊൻപതാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.

വലതു പാർശ്വത്തിൽ നിന്ന് മോസസ് കൊടുത്ത ക്രോസ് ബോക്സിൽ വച്ച് പിടിച്ചെടുത്ത മുസ അര നിമിഷം പോലും പാഴാക്കാതെ അതേ കാലുകൊണ്ടൊരു ഹാഫ് വോളി തൊടുക്കുകയായിരുന്നു നെറ്റിലേയ്ക്ക്.

ഇതിലും സുന്ദരമായിരുന്നു രണ്ടാം ഗോൾ. പിൻനിരയിൽ നിന്ന് ലഭിച്ച പന്ത് നന്നായി നിയന്ത്രിച്ച് ബോക്സിലേയ്ക്ക് കുതിക്കുകയായിരുന്നു മുസ. ഒാട്ടത്തിൽ ക്ലാസിക് ശൈലിയിൽ കാരി ആർൻസണിനെ മറികടന്ന മുസ ഗോളി ഹാൽഡോർസനെ മുന്നോട്ട് കയറാൻ പ്രേരിപ്പിച്ചു. വലത്തോട്ട് ഒന്നുരണ്ട് ചുവടുവച്ച് ഒരു തീയുണ്ട. നെറ്റിലേയ്ക്ക്. എല്ലാം ഓട്ടത്തിന്റെ വേഗം ഒട്ടും തന്നെ കുറയാതെ തന്നെ. ഈ ലോകകപ്പ് കണ്ട ഏറ്റവും സുന്ദരമായ സോളോ ഗോളുകളിൽ ഒന്ന്.

പത്ത് മിനിറ്റിനുള്ളിൽ തന്നെ ഒരു ഗോൾ മടക്കി മത്സരത്തിലേയ്ക്ക് തിരിച്ചുവരാനുള്ള അവസരം ലഭിച്ചിരുന്നു എസ്​ലൻഡിന്. എന്നാൽ,  ഗില്‍ഫി സിഗുറോസന്റെ കിക്ക് ആകാശത്തേയ്ക്ക് പറന്നു പാഴായി.

നൈജീരിയയുടെ പെനാൽറ്റി ഏരിയയിൽ അലക്‌സ് ഇവോബി ഫിന്‍ബോഗാസനെ വീഴ്ത്തിയതിന് വാറിന്റെ സഹായത്തോടെ കിട്ടിയ പെനാൽറ്റിയാണ് ഗിൽഫി സിഗുറോസൺ ബാറിന് മുകളിലൂടെ അടിച്ചുപറത്തിയത്.

ഈ ജയത്തോടെ നൈജീരിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി. ക്രൊയേഷ്യയാണ് ഗ്രൂപ്പിൽ മുന്നിൽ. അർജന്റീനയ്ക്കും ഐസ്​ലൻഡിനും ഓരോ പോയിന്റ് വീതമാണുള്ളത്.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

LIVE BLOG STATISTICS LINE-UPS

Loading Live Blog..