റോസ്തവ്: അര്‍ജന്റീനയെ പ്രീക്വാര്‍ട്ടറിലെത്തിക്കാന്‍ എന്തുവില കൊടുത്തും ഐസ്‌ലന്‍ഡിനെ തറപറ്റിക്കുമെന്ന് പറഞ്ഞ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് വാക്കുപാലിച്ചു. അവസാന മത്സരത്തില്‍ ഐസ്‌ലന്‍ഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തി. 53-ാം മിനിറ്റില്‍ ബാദേലും ഇഞ്ചുറി ടൈമില്‍ പെരിസിച്ചും ക്രൊയേഷ്യയുടെ വിജയ ഗോള്‍ കുറിച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ ഗില്‍ഫി സുഗുറോസണാണ് ഐസ്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. തോല്‍വിയോടെ ഐസ്‌ലന്‍ഡിന് അര്‍ജന്റീനയക്ക് പ്രീക്വാര്‍ട്ടറിലേക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 53-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഐസ്‌ലന്‍ഡ് ബോക്‌സിനുള്ളില്‍ മോഡ്രിച്ച് തൊടുത്ത ഷോട്ടില്‍ ഡിഫ്‌ളക്റ്റ് ചെയ്ത പന്ത് അല്‍പം പോലും സമയം കളയാതെ ഹാഫ് വോളിയിലൂടെ വലയിലെത്തിച്ച് ബാദേല്‍ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ കൗണ്ടര്‍ അറ്റാക്കിന് കൂടുതല്‍ ശ്രദ്ധിച്ച ഐസ്‌ലന്‍ഡിന് 76-ാം മിനിറ്റില്‍ ഗില്‍ഫി സുഗുറോസണിന്റെ പെനാല്‍റ്റി ഗോളില്‍ ഒപ്പമെത്തി. ബോക്‌സിനുള്ളില്‍ ലവ്‌റേനിന്റെ ഹാന്‍ഡ് ബോളിനായിരുന്നു ഐസ്‌ലന്‍ഡിന് പെനാല്‍റ്റി അനുവദിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ ആദ്യ ഗോള്‍ സ്‌കോറര്‍ ബാദേലിന്റെ അസിസ്റ്റില്‍ പന്ത് പോസ്റ്റിലെത്തിച്ച് പെരിസിച്ച് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചു.

അജയ്യരായി മൂന്ന് കളിയിലും ജയിച്ച ക്രൊയേഷ്യ ഒമ്പത് പോയന്റോടെയാണ് ഇനി പ്രീ ക്വാര്‍ട്ടറിനൊരുങ്ങുന്നത്. നൈജീരിയയെ തോല്‍പ്പിച്ച് ജീവവായു തിരിച്ചുപിടിച്ച അര്‍ജന്റീന നാല് പോയന്റോടെയാണ് അവസാന പതിനാറില്‍ സ്ഥാനം പിടിച്ചത്. ജൂലായ് ഒന്നിന് നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കാണ് ക്രൊയേഷ്യയുടെ എതിരാളി. ജൂണ്‍ 30-ന് അര്‍ജന്റീന ഫ്രാന്‍സിനെയും നേരിടും.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌

LIVE BLOG STATISTICS LINE-UPS

Loading Live Blog..