മോസ്ക്കോക്ക: അയർലൻഡിനെ മടക്കമില്ലത്ത പതിമൂന്ന് ഗോളിന് തോൽപിച്ചൊരു ചരിത്രമുണ്ട് ഇംഗ്ലണ്ടിന്. ഒരു നൂണ്ടാറ്റ് മുൻപത്തെ കഥയാണത്. 1882ൽ ബെൽഫാസ്റ്റിലായിരുന്നു ഇത്.  ഏതാണ്ട് 136 കൊല്ലത്തിനുശേഷം ഇതിന്റെ  പകുതി ഗോൾ നേടി മറ്റൊരു വമ്പൻ ജയം ആഘോഷിച്ചിരിക്കുകയാണ് ഇംഗ്ലീഷ് നിര. ഈ ജയം ഒരു ലോകകപ്പ് മത്സരത്തിലാണ് എന്നത് ഇംഗ്ലീഷ് വിജയത്തിന്റെ വീര്യം ഇരട്ടിയാക്കുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണ് ഹാരി കെയ്നും കൂട്ടരും പാനമയ്ക്കെതിരേ നേടിയത്. ഒന്നിനെതിരേ ആറു ഗോളിന്റെ ജയം.  ഒരു ലോകകപ്പ് മത്സരത്തിൽ ഏതെങ്കിലുമൊരു ടീമിനെതിരേ ഇംഗ്ലണ്ട് ഇത്രയും ഗോളുകൾ അടിച്ചുകൂട്ടുന്നതും ഇതാദ്യമായിട്ടാണ്.

3-0 ആയിരുന്നു ഇതുവരെ ലോകകപ്പിൽ ഇംഗ്ലണ്ട് വിജയിച്ച ഏറ്റവും വലിയ സ്കോർ. 1986ൽ പാരഗ്വായ്ക്കും 2002ൽ ഡെൻമാർക്കിനുമെതിരെയായിരുന്നു ഈ സ്കോറിലുള്ള ജയങ്ങൾ.

റെക്കോഡ് ജയം ഇംഗ്ലീഷ് ആരാധകരെ ആവേശത്തിലാക്കിയെങ്കിലും ഈ ജയം തൃപ്തി നൽകാത്ത ഒരാളുണ്ട് ഇംഗ്ലീഷ് നിരയിൽ. കോച്ച് ഗരെത് സൗത്ത്ഗേറ്റ്.

എനിക്ക് ടീമിന്റെ തുടക്കം ഇഷ്ടമായില്ല. അവസാന വഴങ്ങിയ ഗോളും ഇഷ്ടപ്പെട്ടില്ല. മധ്യനിര അൽപം മെച്ചമായിരുന്നു. പൊതുവിൽ നോക്കിയാൽ പൂർണ തൃപ്തി നൽകുന്നതല്ല ജയം. ഇംഗ്ലണ്ടിന് ഇനിയുമേറെ മെച്ചപ്പട്ട കളി കാഴ്ചവയ്ക്കാനാവും. ടുണീഷ്യയ്ക്കെതിരായ മത്സരമാണ് ഞാൻ കൂടുതൽ ആസ്വദിച്ചത്. ആ മത്സരത്തിലുണ്ടായ ടെൻഷൻ തന്നെ കാരണം. അതിൽ നിന്ന് ഏറ്റവും ഒടുക്കം മോചിതനാകുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവില്ല. എ ങ്കിലും ഇത്രയും ഗോളുകൾ അടിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും-സൗത്ത്ഗേറ്റ് മത്സരശേഷം പറഞ്ഞു.

Content Highlights: Fifa World Cup England Win Gareth Southgate Harry Kane Biggest Engligh Win in World cup