നൊവൊഗാർഡ്: നിഷ്നി സ്റ്റേഡിയത്തിൽ ഗോൾ കൊണ്ട് ഇംഗ്ലണ്ടിന്റെ സംഹാരതാണ്ഡവം. ഗ്രൂപ്പ് ജിയിൽ പാനമയ്ക്കെതിരേ ആറു ഗോളടിച്ച് അര്‍മാദിച്ച ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. ഒപ്പം ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയവും പ്രീ ക്വാര്‍ട്ടറിന് ടിക്കറ്റെടുത്തു. രണ്ടു മത്സരങ്ങളിലും തോറ്റ പാനമയും ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.

എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോൾ. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്.  ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37-കാരനായ ബലോയ്.

ഒന്നാം പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഹാട്രിക് നേടിയ ഹാരി കെയ്നും ഡബിളടിച്ച സ്റ്റോൺസുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിൽ ആറു ഗോളടിക്കുന്നത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ആദ്യത്തെ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരിൽ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്നിന്റെ കാലിൽ തട്ടി നെറ്റിലെത്തുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോൾ സമ്പാദ്യം അഞ്ചാക്കിയ കെയ്ൻ ഗോൾവേട്ടയിൽ മുന്നിലെത്തിയിരിക്കുകയാണ്. നാലു ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവുമാണ് പിറകിൽ.

എട്ട്, നാൽപത് മിനിറ്റുകളിലായിരുന്നു ജോൺ സ്റ്റോൺസിന്റെ ഗോളുകൾ. മുപ്പത്തിയാറാം മിനിറ്റിൽ  ജെസ്സെ ലിംഗാര്‍ഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി.

ഒരു കോർണറിൽ നിന്നായിരുന്നു സ്റ്റോൺസിന്റെ ഗോൾ. പ്രതിരോധഭടന്മാരുടെ മാർക്കിങ്ങിൽ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നിൽ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്റ്റോൺസിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. 1-0.

പെനാൽറ്റിയിലൂടെയാണ് കെയ്ൻ ലീഡുയർത്തിയത്. എസ്കോബാർ ബോക്സിൽ ലിങ്ഗാർഡിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് ഒരു വെടിയുണ്ട് കൊണ്ട് ഫിനിഷ് ചെയ്ത് കെയ്ൻ ലീഡ് രണ്ടാക്കിയത്. 2-0. ഈ ലോകകപ്പിൽ ഇതോടെ കെയ്നിന്റെ ഗോൾസമ്പാദ്യം മൂന്നായി. ടുണീഷ്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ കെയ്ൻ രണ്ട് ഗോൾ നേടിയിരുന്നു.

നാലു മിനിറ്റിനുള്ളിലായിരുന്നു  പിന്നീടുള്ള രണ്ട് ഗോളുകൾ. ബോക്സിന്റെ പുറത്ത് നിന്ന് പിടിച്ചെടുത്ത പന്തുമായി വേഗത കൂട്ടി ഡിഫൻഡറെ കബളിപ്പിച്ച് ലിങ്ഗാർഡ് തൊടുത്ത ഷോട്ടിന് മുന്നിൽ പാനമ ഗോളി തീർത്തും നിസ്സഹായനായിരുന്നു. 3-0

ഒരു ഫ്രീകിക്കിൽ നിന്ന് വീണുകിട്ടിയ പന്താണ് സ്റ്റോൺസ് ഹെഡ്ഡറിലൂടെ വലയിലാക്കിയത്. ട്രിപ്പിയർ എടുത്ത  ഫ്രീകിക്കിനുശേഷം ഹെൻഡേഴ്സൺ ബോക്സിലേയ്ക്ക് തന്ത്രപൂർവം ചെത്തിയിട്ടുകൊടുത്ത പന്ത് ആദ്യം ഹെഡ്ഡ് ചെയ്തത് കെയ്ൻ. പന്ത് കിട്ടിയ സ്റ്റെർലിങ് വലയിലേയ്ക്ക് കുത്തി. എന്നാൽ, ഗോളി അത് കുത്തിയിട്ടു. പക്ഷേ, ഫലമുണ്ടായില്ല. തൊട്ടടുത്ത് നിന്ന സ്റ്റോൺസിന് ഒന്ന് കുത്തിയിടുകയേ വേണ്ടിയിരുന്നുള്ളൂ വലയിലേയ്ക്ക്. 4-0.

ഒരു കോർണറിനിടെ ഗോഡോയ് കെയ്നിനെ പിടിച്ചുവച്ചതിനാണ് ഇംഗ്ലണ്ടിന് രണ്ടാം പെനാൽറ്റി കിട്ടയത്. ആദ്യത്തേതിന് സമാനമായ ഒരു വെടിയുണ്ട തന്നെയാണ് ഇക്കുറിയും കെയ്ൻ പായിച്ചത്. ഇക്കുറിയും ഗോളി നിസ്സഹായൻ. 5-0.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Fifa World Cup England panama