പ്പാനെതിരേ മോർഡോവിയയിൽ നടന്ന മത്സരത്തിൽ ബൈനോക്യുലറുമായി വന്ന കൊളംബിയൻ ആരാധകരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ടീമിന്റെ കളി ഗ്യാലറിയിലിരുന്ന് ഒന്നുകൂടി അടുത്തു കാണാനുള്ള ആഗ്രഹമാണെന്നേ കരുതിയുള്ളൂ എല്ലാവരും. 

എന്നാൽ, വൈകാതെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു കുഞ്ഞു വീഡിയോ കണ്ടപ്പോൾ സകലരും ഞെട്ടി. ചിലരെങ്കിലും ഗ്യാലറിയിലുരുന്ന് സൂത്രത്തിൽ മദ്യപിക്കാനുള്ള അടവു കണ്ട് കൊളംബിയക്കാരെ നമിക്കുകയും ചെയ്തു. എന്നാൽ, വീഡിയോ വന്നതോടെ കാര്യങ്ങൾ കൈവിട്ടു. സംഭവം കൊളംബിയൻ വിദേശകാര്യ മന്ത്രാലയത്തിന് അത്ര പിടിച്ചില്ല. റഷ്യയിൽ കളി കാണാൻ പോയ ആരാധകരെ അവർ താക്കീത് ചെയ്തിരിക്കുകയാണ്. മദ്യം വിളമ്പിയ ആൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു.

വീഡിയോ ഇങ്ങനെയാണ്. കൊളംബിയയുടെ  മഞ്ഞക്കുപ്പായമണിഞ്ഞ് ഒരുകൂട്ടം ആരാധകർ ഗ്യാലറിയിലിരുന്ന് കളി കാണുന്നു. കൈയിൽ ശീതളപാനിയത്തിന്റെ ഗ്ലാസുമുണ്ട്. ഇടയ്ക്ക് ഒരാൾ ബൈനോക്യുലറുമായി വരുന്നു. എന്നിട്ട് അതിന്റെ വ്യൂഫൈൻഡറിന്റെ ഭാഗത്തെ ഒരു അടപ്പ് തുറന്ന് അതിൽ നിന്ന് ഒരു അടപ്പോളം വരുന്ന പാത്രത്തിൽ മദ്യമൊഴിച്ച് കൂട്ടുകാർക്ക് കൊടുക്കുന്നു.

തമാശയായിട്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും അത് ട്വിറ്ററിലെത്തിയതോടെ കളി കാര്യമായി. സംഭവം വൈറലാവാൻ അധികം താമസിക്കേണ്ടിവന്നില്ല. മത്സരം അവസാനിക്കുമ്പോഴേയ്ക്കും ബൈനോക്യുലേഴ്സ് എന്ന വാക്ക് ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയും ചെയ്തു. ലൂയി ഫെലിപ്പെ ഗോമസ് എന്ന അവിയാങ്ക എയർ കാർഗോയിലെ റീജ്യണൽ മാനേജരാണ് സൂത്രപ്പണിയിലൂടെ മദ്യം വിളമ്പിയതെന്ന് വൈകാതെ 
കണ്ടെത്തി. ഗോമസിന്റെ കരാർ അവസാനിപ്പിക്കുകയാണെന്ന്  കമ്പനി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

എന്നാൽ പലരും ഈ വീഡിയോ അത്ര തമാശയായല്ല എടുത്തത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട കൊളംബിയൻ കമന്റേറ്റർമാർ ഇത് രാജ്യത്തിന് നാണക്കേടാണെന്ന് അഭിപ്രായപ്പെട്ടു. കൊളംബിയയും ജപ്പാനും തമ്മിലുള്ള സംസ്കാരികപരമായ വ്യത്യാസമാണ് ഇത് കാണിക്കുന്നതെന്നാണ് ഒരു റേഡിയോ കമന്റേറ്റർ അഭിപ്രായപ്പെട്ടത്. കൊളംബിയയെക്കുറിച്ചുള്ള ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കാനേ ഇത് സഹായിക്കൂ എന്നാണ് ചില സോഷ്യൽ മീഡിയയിലെ അഭിപ്രായപ്പെട്ടത്. ഇത് കണ്ടാൽ കൊളംബിയക്കാർ സ്യൂട്ട്കേസിൽ മയക്കുമരുന്നുമായി നടക്കുന്നവരാണെന്ന് ആളുകൾ ധരിക്കുമെന്നാണ് ചിലരുടെ അഭിപ്രായം.

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കൊളംബിയൻ വിദേശകാര്യ മന്ത്രാലയം തന്നെ ഇടപെട്ടു. റഷ്യയിലെ നിയമങ്ങൾ പാലിക്കണമെന്ന് അവർ ട്വിറ്ററിലൂടെ  ആരാധകരോട് ആവശ്യപ്പെട്ടു.

ഇതിന് പുറമെ ഗോമസിന്റെ ഫാൻ ഐഡി റദ്ദാക്കണമെന്ന് കൊളംബിയൻ ഫുട്ബോൾ അധികൃതർ ഫിഫയോട് ആവശ്യപ്പെട്ടതായും ചില റഷ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

താൻ ഒരു തരത്തിലുള്ള മദ്യവും സ്റ്റേഡിയത്തിലേയ്ക്ക് ഒളിച്ചു കടത്തിയിട്ടില്ലെന്ന് ഗോമസ് പിന്നീട് തന്റെ ഭാര്യയുടെ ഫെയ്സ്ബുക്ക്  പേജിൽ കുറിച്ചു. എന്നെ ആരെങ്കിലും വീഡിയോയിൽ പകർത്തുന്നുണ്ടെന്ന കാര്യവും അറിഞ്ഞിരുന്നില്ല. ജീവിതത്തിൽ ആദ്യമായി കൊളംബിയയുടെ ലോകകപ്പ് മത്സരം നേരിട്ട് കാണുന്നതിന്റെ ആവേശത്തിലായിരന്നു ഞാൻ. ആ ആവേശത്തിലാണ് ആരോ ഒരാൾ  വച്ചുനീട്ടിയ ഡ്രിങ്ക് വാങ്ങി കുടിച്ചത്. ആ പതിനഞ്ച് സെക്കൻഡ് നേരത്തെ ഞാൻ ഇപ്പോൾ പഴിക്കുകയാണ്-ഗോമസ് കുറിച്ചു.

2016 യൂറോകപ്പിനിടെ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് റഷ്യൻ ലോകകപ്പിൽ സ്റ്റേഡിയത്തിൽ മദ്യത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.

Content Highlights: Fifa World Cup  Binocular booze Colombia Japan