കസാൻ: നൈജീരിയക്കെതിരേ മെസ്സി ഗോളടിച്ചപ്പോൾ, അർജന്റീന ജയിച്ച് തിരിച്ചുവന്നപ്പോൾ ലോകമെങ്ങുമുള്ള ആരാധകർ കണ്ട കിനാവുകൾക്ക് കണക്കില്ല. എല്ലാം വെറും പകൽക്കിനാവാണെന്ന് തെളിയാൻ ഗോളുകൾ മഴയായി പെയ്ത  കസാൻ അരീനയിലെ ഇൗ രാത്രിവരെ മാത്രമേ കാക്കേണ്ടിവന്നുള്ളൂ. ഏഴ് ഗോൾ വീണ ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാർട്ടറിൽ ഫ്രാൻസ് അവർക്കായി കാത്തുവച്ചത് പേക്കിനാവായിരുന്നു. കളി മറന്ന അർജന്റീനയെ, കളിക്കാതെ കാഴ്ചക്കാരനായ മെസ്സിയെയും കൂട്ടരെയും വീഴ്ത്തി ഫ്രാൻസ് ക്വാർട്ടർഫൈനലിൽ പ്രവേശിച്ചത്. മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം.

ഗ്രീസ്മാന്റെ പെനാൽറ്റി ഗോളിലാണ് ഫ്രാൻസ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അർജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയിൽ മെർക്കാഡോ അർജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാർഡിലൂടെ ഫ്രാൻസ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാൻസിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ അഗ്യുറോ ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

എല്ലാംകൊണ്ടും കാളരാത്രിയായിരുന്നു അർജന്റീനയ്ക്ക്. മെസ്സിയെ സെൻട്രൽ സ്ട്രൈക്കറായ പരീക്ഷണം തുടക്കം മുതൽ തന്നെ പിഴച്ചു. ഫ്രാൻസിന്റെ വേഗത്തിനൊപ്പം പിടിക്കാൻ അർജന്റീനയുടെ വയസ്സൻപടയ്ക്ക് കഴിഞ്ഞില്ല. ബാറിന് കീഴിലും  പിൻനിരയിലും മധ്യനിരയിലും ഓട്ടകൾ മാത്രമേ ഉണ്ടായുള്ളൂ. മുൻനിരയാവട്ടെ മുനയൊഴിഞ്ഞതുമായി.

കിക്കോഫ് മുതൽ അർജന്റീനയ്ക്ക് ഒന്ന് ശ്വാസം വിടാനുള്ള സമയമോ സ്ഥലമോ കൊടുത്തില്ല ഫ്രാൻസ്. പതിമൂന്നാം മിനിറ്റിൽ മിന്നുന്നൊരു നീക്കത്തിനൊടുവിൽ നേടിയെടുത്ത  പെനാൽറ്റിയിലാണ് ഫ്രാൻസ് ലീഡ് നേടിയ്ത്.


അന്റോണിയോ ഗ്രീസ്മനാണ് പെനാൽറ്റിയിൽ നിന്ന് ലീഡ് നേടി അർജന്റീനയെ ഞെട്ടിച്ചത്. ഫ്രാൻസിന്റെ ഏരിയയിൽ എവർ ബെനേഗയും ടാഗ്ലിയാഫിക്കോയും വരുത്തിയ ഒരു പിഴവിനുള്ള ശിക്ഷയായിരുന്നു അത്. പന്ത് പിടിച്ചെടുത്ത എംബാപ്പെ അതുമായി പറക്കുകയായിരുന്നു. ഈ വേഗത്തിനൊപ്പം പിടിക്കാൻ മാർക്കസ് റോഹോയ്ക്ക് കഴിഞ്ഞില്ല. പെനാൽറ്റി ബോക്സിൽ വച്ചുള്ള ടാക്ലിങ്ങിന് റഫറി പിഴയുമിട്ടു. റോഹോയ്ക്ക് മഞ്ഞക്കാർഡും ഫ്രാൻസിന് പെനാൽറ്റിയും. ഗ്രീസ്മാന്റെ വെടിയുണ്ട പിഴച്ചില്ല. അർമാനിക്ക് ഒരവസരവും നൽകാതെ പന്ത് വലയിൽ.

പ്രീക്വാർട്ടറായിട്ടും ആകെ പതറിയ പടയായാണ് അർജന്റീന  കളത്തിലിറങ്ങിയത്. ടീമിന്റെ വിന്യാസത്തിൽ തന്നെ പിഴച്ചു. മെസ്സിയായിരുന്നു സെൻട്രൽ സ്ട്രൈക്കർ. ഇരുവശത്തും ഡി മരിയയും പാവോണും.

 പന്തിൽ കൂടുതൽ പൊസഷൻ ലഭിച്ചെങ്കിലും മെസ്സി വെറും കാഴ്ചക്കാരനായി മുന്നിൽ നിന്നു. ഡി മരിയയും പവോണിനും തീർത്തും നിസ്സഹായരുമായി. കിട്ടിയ പന്ത് എന്തു ചെയ്യണമെന്നറിയാതെ മധ്യനിരയിൽ മഷരാനോയും പെരസയും ബെനേഗയും. കൈമാറ്റത്തിലും പ്രതിരോധത്തിലും ആകെ ആശയക്കുഴപ്പം. ഫ്രാൻസാവട്ടെ കുറച്ചേ പന്തിൽ ആധിപത്യം ലഭിച്ചുള്ളൂവെങ്കിലും ആക്രമണത്തിൽ ശരവേഗമായിരന്നു. പന്ത് കിട്ടിയാൽ അടുത്ത ഗ്രീസ്മനും എംബാപ്പെയും അടുത്ത ക്ഷണം അർജന്റീനയുടെ ഹാഫിലെത്തും. ഇവരെ തടയാൻ യാതൊരു സന്നാഹവുമുണ്ടായിരുന്നില്ല അർജന്റീനയുടെ പ്രതിരോധത്തിന്റെ പക്കൽ. 

ഇങ്ങനെ അർജന്റീനയുടെ ഒരു ആശയക്കുഴപ്പവും പ്രത്യാക്രമണത്തിലെ ഫ്രാൻസിന്റെ മൂർച്ചയുമാണ് ആദ്യ ഗോളിന്റെ പിറവിക്ക് വഴിവച്ചത്.

എവർ ബെനേഗയും ടാഗ്ലിഫിക്കോയും തമ്മിലുള്ള ഫ്രഞ്ച് ഏരിയയി വച്ചുണ്ടാക്കിയ ഒരു ആശയക്കുഴപ്പമാണ് ഉത്ഭവം. പന്ത് കിട്ടിയ എംബാപ്പെ ശരവേഗത്തിൽ കുതിച്ചു. ഒപ്പമോടിയ റോഹോയുടെ ടാക്ലിങ് പിഴയ്ക്കുകയും ചെയ്തു. രണ്ടാമതൊന്ന് ആലോച്ചിക്കാതെ റഫറി പെനാൽറ്റി വിധിച്ചു. റോഹോയ്ക്ക് മഞ്ഞയും സമ്മാനിച്ചു. കിക്കെടുത്ത ഗ്രീസ്മന് പിഴച്ചില്ല. ഇടത്തോട്ട് ചാടി അർമാനിയെ കബളിപ്പിച്ച് പന്ത് വലയിലേയ്ക്ക് ഉരുട്ടിയിട്ടു ഗ്രീസ്മാൻ.

ഗോൾ കുടുങ്ങിയപ്പോഴാണ് അർജന്റീനയ്ക്ക് ബുദ്ധിയുദിച്ചത്. മെസ്സി ഇറങ്ങിക്കളിച്ച് പന്ത് പിടിക്കാൻ തുടങ്ങി. എങ്കിലും ആശയക്കുഴപ്പത്തിന് മാറ്റമൊന്നുമുണ്ടായില്ല. ഇത്  ഫ്രാൻസിന്റെ തന്ത്രത്തിന് ഏറെ ഗുണകരമായി. ഗ്രീസ്മന്റെയും എംബാപ്പെയുടെയും വേവും ഡ്രിബിളിങ് പാടവവുമായിരുന്നു അവരുടെ തുറുപ്പുചീട്ട്. ഇവരുടെ മിന്നിൽ നീക്കത്തിൽ അർജന്റൈൻ പ്രതിരോധമാവട്ടെ ചീട്ടുകൊട്ടാരം പോലെ തകർന്നു.

അർജന്റീന ഒന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളാണ് കടന്നുപോയത്. എന്നാൽ, പൊടുന്നനെയായിരുന്നു ആന്റി ക്ലൈമാക്സ്. അർജന്റീന മുന്നിലെത്തി. ഡി മരിയയുടെ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ. ഒരു കോർണറിനുശേഷം കിട്ടിയ പന്ത് ഇരുപത്തിയഞ്ച് വാര അകലെവച്ച് ഇടങ്കാൽ കൊണ്ട് വലയിലേയ്ക്ക് തൊടുക്കുകയായിരുന്നു ഡി മരിയ. അർജന്റീനയുടെ ആദ്യ ഷോട്ട് തന്നെ വലയിൽ.

രണ്ടാം പകുതിയിൽ അർജന്റീന ഫ്രാൻസിനെ വീണ്ടും ഞെട്ടിച്ചു. മെസ്സിയുടെ സ്പർശമുള്ള ഒരു ഗോളിൽ.  പോഗ്ബ ക്ലിയർ ചെയ്ത പന്ത് കിട്ടിയത് മെസ്സിക്ക്. വലതു വിംഗിൽ നിന്ന് മെസ്സി പോസ്റ്റിലേയ്ക്ക് ഒരു ഷോട്ട് ഉതിർത്തു. പന്ത് പിടിക്കാൻ ലോറിസ് പൊസിഷൻ കാത്തുനിൽക്കുകയായിരുന്നു. എന്നാൽ, പോസ്റ്റിന് മുന്നിൽ പന്ത് മെർക്കാഡോയുടെ കാലിലിടിച്ച് വലയിൽ. നിസ്സഹായനായി നോക്കിനിൽക്കാനേ ഫ്രഞ്ച് ഗോളിക്ക് കഴിഞ്ഞുള്ളൂ.

അർജന്റീനയുടെ ഈ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായില്ല. പവാർഡിലൂടെ ഫ്രാൻസ് ഒപ്പമെത്തി. മറ്റ്യൂഡിയാണ് പന്ത് നൽകിയത്. മധ്യനിര നിറഞ്ഞുനിൽക്കുകയായിരുന്നെങ്കിലും മറ്റ്യൂഡിയുടെ ക്രോസ് എല്ലാവരെയും മറികടന്ന് പവാർഡിൽ. ഇതുവരെ ഫ്രാൻസിനുവേണ്ടി ഗോളടിക്കാത്ത പവാർഡ് ഇരുപത് വാര അകലെ നിന്നെടുത്ത കിക്കിന് പിഴച്ചില്ല. ഗോളി അർമാനി അപ്രസക്തനായിപ്പോയി ഈ കിക്കിന് മുന്നിൽ.

അർജന്റീനയുടെ ദുരന്തനിമിഷങ്ങൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അർജന്റീനക്കാർക്ക് ഒരു പിടിയും നൽകാത്ത, വേഗം കൊണ്ട് അവരെ നിഷ്പ്രഭരാക്കിയ എംബാപ്പെയുടെ ഊഴമായിരുന്നു. അറുപത്തിനാലാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോൾ. പോഗ്ബ ആദ്യം ഹെർണാണ്ടസിന് ഒരു പന്ത് നൽകുന്നു. അത് തടയാൻ ആരുമുണ്ടായില്ല അർജന്റീനയുടെ ഹാഫിൽ. പന്ത് കിട്ടിയ മറ്റ്യുഡി ഷോട്ട് ഉതിർത്തെങ്കിലും പ്രതിരോധഭിത്തിയിൽ തട്ടിത്തെറിച്ചു. എന്നാൽ, അത് കിട്ടിയത് എംബാപ്പെയ്ക്ക്. ഷോട്ടിന് മുന്നിൽ വീണ്ടും അർമാനി നിസ്സഹായൻ.

അവിടം കൊണ്ടും തീർന്നില്ല. എംബാപ്പെയുടെ രണ്ടാം ഗോളിലേയ്ക്ക് വെറും നാലു മിനിറ്റിന്റെ ദൈർഘ്യമേയുണ്ടായിരുന്നുള്ളൂ. അർജന്റീനയുടെ മധ്യനിരയെയും പ്രതിരോധത്തെയും  അനായാസം കീറിമുറിച്ച് ജിറൗഡിന് പന്ത് കിട്ടുമ്പോൾ അർജന്റീനയുടെ പ്രതിരോധത്തിന് മുന്നിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു എംബാപ്പെ. കൃത്യമായിരുന്നു ജിറൗഡിന്റെ പാസ്. വെറുതെ ഒന്ന് ഓടി വലയുടെ വലതുമൂലയിലേയ്ക്ക് വെടിയുതിർക്കാൻ ഏറെ പാടുപെടേണ്ടിവന്നില്ല എംബാപ്പെയ്ക്ക്.

അവസാന വിസിലിന് നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ഒരു ഗോൾ നേടി അൽപം ജീവവായു തിരിച്ചുകിട്ടി അർജന്റീനയ്ക്ക്. വലതുഭാഗത്ത് കൂടി കുതിച്ചുവന്ന മെസ്സി ഇടങ്കാൽ കൊണ്ട് ഒന്നാന്തരമൊരു ക്രോസ് തൊടുക്കുന്നു. അത് കിട്ടിയത് മാർക്ക് ചെയ്യപ്പെടാതെ നിന്ന അഗ്യുറോയ്ക്ക്. ഹെഡ്ഡറിൽ പിഴച്ചില്ല.

ലീഡ് നേടാൻ ഒരവസരം കൂടി അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. മെസ്സിക്കും കൂട്ടർക്കും മടക്കടിക്കറ്റ് അപ്പൊഴേക്കും കൺഫേം ആയിക്കഴിഞ്ഞിരുന്നു. 

തത്സമയ വിവരണങ്ങൾ വായിക്കം

LIVE BLOG STATISTICS LINE-UPS